Street vendors | '16 കൊല്ലമായി നടക്കാൻ തുടങ്ങിയിട്ട്, ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല'; സങ്കടത്തോടെ കാസർകോട് നഗരത്തിലെ വേറിട്ടൊരു തെരുവ് കച്ചവടക്കാരൻ
Nov 30, 2023, 20:52 IST
-സുബൈർ പള്ളിക്കാൽ
കാസര്‍കോട്: (KasargodVartha) നഗരത്തിലെ തെരുവ് കച്ചവടക്കാരെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്ന മുറവിളികൾക്കിടയിലും വിദ്യാനഗര്‍ കോപ്പയിലെ അസ്‍ലം പതിവ് ശൈലിയിൽ കച്ചവടം തുടരുകയാണ്, എന്നിരുന്നാലും ചില പരിഭവങ്ങൾ അദ്ദേഹം മറച്ചുവെക്കുന്നില്ല. തമാശയും കാര്യവും പറഞ്ഞ് നടന്നുകൊണ്ട് ജനങ്ങൾക്കിടയിലെത്തുന്ന അസ്‌ലം കാസർകോട് നഗരത്തിലെ വേറിട്ടൊരു തെരുവ് കച്ചവടക്കാരനാണ്.
കാസര്‍കോട്: (KasargodVartha) നഗരത്തിലെ തെരുവ് കച്ചവടക്കാരെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്ന മുറവിളികൾക്കിടയിലും വിദ്യാനഗര്‍ കോപ്പയിലെ അസ്‍ലം പതിവ് ശൈലിയിൽ കച്ചവടം തുടരുകയാണ്, എന്നിരുന്നാലും ചില പരിഭവങ്ങൾ അദ്ദേഹം മറച്ചുവെക്കുന്നില്ല. തമാശയും കാര്യവും പറഞ്ഞ് നടന്നുകൊണ്ട് ജനങ്ങൾക്കിടയിലെത്തുന്ന അസ്‌ലം കാസർകോട് നഗരത്തിലെ വേറിട്ടൊരു തെരുവ് കച്ചവടക്കാരനാണ്.
എന്നാലിപ്പോൾ തന്റെ കച്ചവടത്തിൽ ചില പ്രയാസങ്ങൾ നേരിടുന്നുവെന്നാണ് അസ്‍ലം പറയുന്നത്. 16 കൊല്ലമായി നടന്നുകൊണ്ട് കച്ചവടം ചെയ്യുന്ന തനിക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം കണ്ണീരോടെ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ചെറിയ ലാഭമെടുത്താണ് അസ്‌ലം ഉത്പന്നങ്ങൾ വിൽക്കുന്നത്. എന്നാൽ ചില കച്ചവടക്കാർക്ക് ഇത് പിടിക്കുന്നില്ലെന്നും തനിക്ക് സാധങ്ങൾ നൽകരുതെന്ന് മൊത്ത വ്യാപരികളോട് ഇവർ ആവശ്യപ്പെടുന്നെന്നുമാണ് അസ്‌ലം പറയുന്നത്.
തന്റെ കച്ചവടത്തിൽ മണ്ണ് വാരിയിടുമ്പോൾ നാല് കുട്ടികളുടെ പിതാവായ താൻ എങ്ങനെ ജീവിക്കുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. എട്ടിലും മൂന്നിലും പഠിക്കുന്നവരാണ് രണ്ട് മക്കൾ. മറ്റ് രണ്ട് പേർ ചെറിയ കുട്ടികളാണ്. കുട്ടികളുടെ പഠന ചിലവിനും വൈദ്യുതി ബിൽ, വെള്ള കരം, വീട്ട് സാധനങ്ങൾ തുടങ്ങിവയ്ക്കൊക്കെയും പണം കണ്ടെത്താൻ ഇദ്ദേഹത്തിനാവുക ഉത്പന്നങ്ങൾ വിറ്റാലാണ്. രാത്രിയിൽ വീട്ടിലെത്തുമ്പോൾ 'ബാപ്പയുടെ കയ്യിൽ ഒന്നുമില്ലേയെന്ന്' മക്കൾ ചോദിക്കുന്നത് സങ്കടകരമാണെന്നും അസ്‌ലം പരിതപിക്കുന്നു.
തന്നെ പോലുള്ള നിരവധി പാവപ്പെട്ടവരും കാസർകോട് നഗരത്തിൽ തെരുവ് കച്ചവടം ചെയ്യുന്നുണ്ടെന്ന് അസ്‌ലം പറയുന്നു. താൻ ആരുടെ മുന്നിലും കൈ നീട്ടാൻ പോയിട്ടില്ലെന്നും മാന്യമായി അധ്വാനിക്കുകയാണെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിൽ നിന്ന് കാൽനടയായി വരുന്ന ഇദ്ദേഹം വേനൽ കാലത്ത് കനത്ത ചൂടും മഴക്കാലത്ത് മഴയും കൊണ്ടും സഹിച്ചുമാണ് നടന്നുകൊണ്ട് കച്ചവടം നടത്തുന്നത്.
2007ല്‍ ബഹ്‌റൈന്‍ വിട്ട് നാട്ടിലെത്തിയ അസ്‌ലം തുടർന്നിങ്ങോട്ട് കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും കച്ചവടം ചെയ്ത് വരികയാണ്. വിദേശത്ത് ജോലി ചെയ്തിരുന്നുവെങ്കിലും കാര്യമായ സമ്പാദ്യമൊന്നും ഉണ്ടാക്കാന്‍ അസ്‌ലമിന് കഴിഞ്ഞിരുന്നില്ല.
രാവിലെ എട്ട് മണിയോടെ നഗരത്തില്‍ എത്തുന്ന അസ്‌ലം കച്ചവടം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ സന്ധ്യ കഴിഞ്ഞിരിക്കും, അപ്പോഴും അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഭാര്യയും മക്കളും വീട്ടിൽ കാത്തിരിപ്പുണ്ടാവും. അസ്‌ലമിനെ പോലെയുള്ളവരെയും ചേർത്ത് പിടിക്കുന്നതാവണം നമ്മുടെ ജീവിതമെന്നാണ് കാസർകോട് നഗരത്തിൽ എത്തുന്നവരും പറയുന്നത്.
Keywords: Kasargod, Kasaragod News, Kerala, Kerala News, Street, Vendor, School, Bag, Job, 16 Years, Woes of different street vendor in Kasaragod.