Wife's Complaint | പ്രവാസിയായ ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പ് ബിസിനസ് ഇടപാടിന് നല്‍കിയ കോടികള്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാതെ വഞ്ചിക്കാന്‍ ശ്രമിക്കുന്നതായി പരാതി
Jan 13, 2024, 00:46 IST
കാസര്‍കോട്: (KasargodVartha) പ്രവാസിയായ ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പ് ബിസിനസ് ഇടപാടിന് നല്‍കിയ കോടികള്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാതെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി പരാതി.
കോട്ടിക്കുളത്തെ മുഈനുദ്ദീന്റെ ഭാര്യ ഉദുമ പാക്യാര ഹൗസിലെ എം എ ഖൈറുന്നീസയും പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളും കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരാതി ഉന്നയിച്ചത്.
അബ്ദുല്ല എന്ന അന്തായിയെ മൂന്നര കോടിയോളം രൂപ വസ്തു ഇടപാടിനായി മുഈനുദീന്‍ നല്‍കിയിരുന്നു. ഇത് കൂടാതെ മറ്റ് നിരവധി പണ ഇടപാടുകളും നടന്നിട്ടുണ്ടെങ്കിലും ഇതിനൊന്നും തെളിവുകള്‍ ഇവര്‍ക്ക് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചു കോടി 75 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി പറയുന്നുണ്ടെങ്കിലും മൂന്നര കോടിയുടെ ഇടപാട് മാത്രമാണ് അബ്ദുല്ല സമ്മതിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
മുഈനുദ്ദീന്റെ മരണശേഷം ഇദ്ദ ഇരുന്ന ഖൈറുന്നിസയെ കാര്യങ്ങള്‍ ഒന്നും അറിയിക്കാതെ ഭര്‍തൃവീട്ടുകാരും അബ്ദുല്ലയ്‌ക്കൊപ്പം ചേര്‍ന്ന് മുഈനുദ്ദീന്റെ പല സമ്പാദ്യങ്ങളും തടഞ്ഞുവെക്കുന്നതിന് കൂട്ട് നിന്നതായും ഇവര്‍ ആരോപിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സിവില്‍ പരാതിയായതിനാല്‍ പ്രാദേശിക ജമാഅത് കമിറ്റി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ഈ ചര്‍ച്ചയില്‍ ബാധ്യതകള്‍ എല്ലാം തീര്‍ത്ത് 2 കോടി 65 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചിരുന്നതായും ഇത് രേഖയാക്കി നല്‍കുകയും ചെയ്തിരുന്നു.
അതേ സമയം പണം നല്‍കാതെ മറ്റ് ചില കാര്യങ്ങള്‍ പറഞ്ഞ് അബ്ദുല്ല വിഷയം വലിച്ചു നീട്ടുകയാണെന്നും പരാതിയുണ്ട്. മുഈനുദ്ദീന്‍ മരിച്ചത് മാതാപിതാക്കള്‍ മരിക്കുന്നതിന് മുമ്പാണെന്നും അതു കൊണ്ട് ശരീഅത് നിയമപ്രകാരം മുഈനുദ്ദീന്റെ മാതാപിതാക്കള്‍ക്കും സ്വത്തില്‍ ഒരു ഭാഗം നല്‍കേണ്ടതുണ്ടെന്നും ഇങ്ങനെ കിട്ടുന്ന സ്വത്തിലെ ഒരു ഭാഗത്തിന് മറ്റ് മൂന്ന് സഹോദരങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്ന് അബ്ദുല്ല പറയുന്നുണ്ട്. ഇത് പരിഹരിക്കാതെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് വിഷയം നീട്ടികൊണ്ടു പോകുകയാണെന്നാണ് പരാതി.
എല്ലാ സമ്പാദ്യവും മുഈനുദ്ദീന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്കെതിരെ ഇല്ലാത്ത കാര്യങ്ങള്‍ക്ക് കേസ് കൊടുത്തതാണ് പ്രശ്‌നമെന്നും സമ്പാദ്യത്തിലെ ഒരു വിഹിതത്തിന് തങ്ങള്‍ക്കും നിയമപരമായി അവകാശമുണ്ടെന്നും അത് പരിഹക്കാത്താതാണ് തടസ്സങ്ങള്‍ക്ക് കാരണമെന്ന് മുഈനുദ്ദീന്റെ കുടുംബാംഗങ്ങളും പറയുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Wife filed complaint for not paying the deceased husband's Money back.