SC Verdict | ഒരു സ്ത്രീ വിവാഹിതയായതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് അസമത്വവും ലിംഗ വിവേചനവുമെന്ന് സുപ്രീം കോടതി
1988 ഓഗസ്റ്റിൽ സൈനിക നഴ്‌സിംഗ് സർവീസിലെ (MNS) പെർമനൻ്റ് കമ്മീഷൻഡ് ഓഫീസർ മുൻ ലെഫ്റ്റനൻ്റ് സെലീന ജോണിനെ സൈന്യം സർവീസിൽ നിന്ന് പുറത്താക്കിയ കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ആ വർഷം ഏപ്രിലിലിലാണ് സെലീന വിവാഹിതയായത്. വാർഷിക രഹസ്യ റിപ്പോർട്ടിൽ (ACR) കുറഞ്ഞ ഗ്രേഡ് ആണ് നേടിയതെന്ന് കാണിച്ചാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. 'മിലിട്ടറി നഴ്‌സിംഗ് സർവീസിൽ സ്ഥിരം കമ്മീഷനുകൾ അനുവദിക്കുന്നതിനുള്ള സേവന നിബന്ധനകളും വ്യവസ്ഥകളും' എന്ന തലക്കെട്ടിൽ 1977-ലെ ആർമി നിർദേശപ്രകാരമാണ് പിരിച്ചുവിട്ട് കൊണ്ട് ഉത്തരവിട്ടത്. ഈ നിയമം പിന്നീട് 1995-ൽ പിൻവലിച്ചിരുന്നു. വിവാഹത്തിൻ്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയതായും ഉത്തരവിൽ വെളിപ്പെടുത്തിയിരുന്നു.
2016 മാർച്ചിൽ, ലഖ്‌നൗവിലെ ആംഡ് ഫോഴ്‌സ് ട്രിബ്യൂണൽ (AFT) സെലീനയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയിരുന്നു. തിരികെ വേതനം നൽകി അവരെ തിരിച്ചെടുക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ആ വർഷം ഓഗസ്റ്റിൽ, വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ ഹർജി നൽകി. ഇത് തള്ളിക്കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 'ഇത്തരം പുരുഷാധിപത്യ ഭരണം അംഗീകരിക്കുന്നത് മനുഷ്യൻ്റെ അന്തസിനും വിവേചനരഹിതമായ പെരുമാറ്റത്തിനും ന്യായമായ പെരുമാറ്റത്തിനുമുള്ള അവകാശത്തെ ഹനിക്കുന്നു. ലിംഗാധിഷ്ഠിത പക്ഷപാതിത്വത്തെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഭരണഘടനാപരമായി അസ്വീകാര്യമാണ്. സ്ത്രീ ജീവനക്കാരുടെ വിവാഹവും അവരുടെ ഗാർഹിക പങ്കാളിത്തവും യോഗ്യത നിഷേധിക്കുന്നതിനുള്ള അടിസ്ഥാനമാക്കുന്ന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമായിരിക്കും', കോടതി ഉത്തരവിൽ പറയുന്നു.
മുൻകാല വിധികളും ബെഞ്ച് ഉദ്ധരിച്ചു. സെലീന ഒരു സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം നഴ്‌സായി ജോലി ചെയ്‌തതും കണക്കിലെടുത്താണ് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഈ തുക എട്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണ് നിർദേശം. ഈ കാലയളവിനുള്ളിൽ തുക നൽകിയില്ലെങ്കിൽ ഉത്തരവിൻ്റെ തീയതി മുതൽ തുക നൽകുന്നത് വരെ പ്രതിവർഷം 12 ശതമാനം പലിശ നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
Keywords: News, National, New Delhi, Supreme Court, SC Verdict, Termination, Job, Woman, Marriage, Army, Terms and Conditions, Armed Forces Tribunal, Women Employees, Termination from job because a woman got married is coarse case of inequality: Supreme Court.