Bus service | ആര്‍ടിഎ സമയം അനുവദിച്ചു; മടിക്കൈ വഴി ഇനി കൊന്നക്കാടേക്ക് ബസ്; യാത്രാക്ലേശത്തിന് ആശ്വാസമാകും
Feb 2, 2024, 11:10 IST
കാഞ്ഞങ്ങാട്: (KasaragodVartha) മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ മടിക്കൈയിലൂടെ കാഞ്ഞങ്ങാട് കൊന്നക്കാട് റൂടിൽ ഓടാനുള്ള ബസിന് സമയക്രമം അനുവദിച്ചു. കാസര്‍കോട് ആര്‍ടിഒ എ സി ഷീബയുടെ അധ്യക്ഷതയിൽ ബുധനാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹോളിൽ ചേര്‍ന്ന യോഗത്തിലാണ് അനുമതിയായത്. നവംബര്‍ മുതൽ മൂന്ന് തവണ നടന്ന യോഗത്തിലും മറ്റ് ബസ് ഓപറേറ്റര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സമയം നൽകാനായിരുന്നില്ലെന്നാണ് വിവരം.
കൊന്നക്കാട് നിന്ന് രാവിലെ 6.05ന് കാഞ്ഞങ്ങാടേക്ക് പുറപ്പെടുന്ന ബസ് 8.06ന് ജില്ലാ ആശുപത്രിയിലെത്തും. ഇതോടെ മലയോരത്തെ നാല് പഞ്ചായതുകളിലെ ജനങ്ങൾക്ക് ഒരു ബസിനെ മാത്രം ആശ്രയിച്ച് കുറഞ്ഞ ചിലവിൽ ജില്ലാ ആശുപത്രിയിലെത്താം. ആനക്കുഴിയിൽ നിന്നും തായന്നൂരിൽ നിന്നും ഏഴാംമൈൽ വഴി കാഞ്ഞങ്ങാടേക്ക് 35 രൂപ നൽകുമ്പോൾ മടിക്കൈ കാഞ്ഞിരപ്പൊയിൽ വഴി ഏഴ് മുതൽ 12 രൂപ വരെ ലാഭിക്കാം.
യാത്രാക്ലേശം രൂക്ഷമായ മടിക്കൈയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് രാവിലെ 8.25ന് കാഞ്ഞങ്ങാട് നിന്ന് അരയി നൂഞ്ഞി, കാലിച്ചാംപൊതി ചാളക്കടവ്, എരിക്കുളം വഴി കാഞ്ഞിരപ്പൊയിലിലേക്കും തുടര്‍ന്ന് പള്ളത്തുവയൽ വഴി നീലേശ്വരത്തേക്കും സര്‍വീസുണ്ട്.
ഗുരുവനത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉപകാരപ്പെടും വിധം വൈകീട്ട് 3.20ന് വാഴുന്നോറടി വഴി നീലേശ്വരത്തേക്കും നാല് മണിക്ക് ചാളക്കടവ് നിന്ന് മടിക്കൈ സെകൻഡ്, ഫസ്റ്റ് സ്കൂളുകൾ വഴി കാഞ്ഞങ്ങാടേക്കും ബസ് സര്‍വീസ് നടത്തും. വൈകീട്ട് 4.55നാണ് കാഞ്ഞങ്ങാട് നിന്ന് കാഞ്ഞിരപ്പൊയിൽ, എണ്ണപ്പാറ വഴി കൊന്നക്കാടേക്ക് തിരിച്ച് മടങ്ങുക. പൂര്‍ണമായും മെകാഡം ചെയ്ത റോഡായിട്ടും നിലവിൽ മടിക്കൈയിലൂടെ കാഞ്ഞിരപ്പൊയിലിന് അപ്പുറത്തേക്ക് ബസ് സര്‍വീസില്ല.