Protest | 'ആവശ്യപ്പെട്ടത്ര ഉയരമില്ല'; ദേശീയപാതയിൽ അണങ്കൂരിലെ അടിപ്പാതയുടെ നിര്‍മാണം പ്രദേശവാസികൾ തടഞ്ഞു, ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍
കാസര്‍കോട്: (KasaragodVartha) ആവശ്യപ്പെട്ടത്ര ഉയരമില്ലാത്തതിനെ തുടര്‍ന്ന് അണങ്കൂര്‍ ദേശീയപാതയുടെ അടിപ്പാത നിര്‍മാണം പ്രദേശവാസികൾ തടഞ്ഞു. രണ്ടരമീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ വീതിയുമുള്ള അടിപ്പാതയ്ക്കാണ് അണങ്കൂര്‍ ജന്‍ക്ഷനില്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്നും കാറും ബൈകും മാത്രമേ കടന്നുപോകാന്‍ കഴിയുകയുള്ളൂവെന്നും നാട്ടുകാർ പറയുന്നു.
45 ഓളം സ്‌കൂള്‍ ബസുകള്‍ ദിവസവും അണങ്കൂര്‍ ഭാഗത്തേക്ക് എത്തുന്നുണ്ട്. ഇവയ്ക്കൊന്നും തന്നെ അടിപ്പാതയിലൂടെ കടന്നുവരാന്‍ കഴിയില്ല. അതുകൊണ്ട് അടിപ്പാതയുടെ ഉയരം മൂന്ന് മീറ്ററെങ്കിലും ആക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ബസും ലോറിയും ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് പോലും മൂന്ന് മീറ്റര്‍ ഉയരം ആക്കിയാല്‍ കടന്നുപോകാന്‍ കഴിയില്ല. മിനി സ്‌കൂള്‍ ബസുകള്‍ അടക്കം കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ അടിപ്പാതയുടെ ഉയരം ക്രമീകരിക്കണമെന്നാണ് ആവശ്യം.
നാട്ടുകാര്‍ അടിപ്പാത നിര്‍മാണം തടഞ്ഞതോടെ പണി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ഉച്ചയോടെ നാട്ടുകാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉയരം കൂട്ടണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും ദേശീയ പാത അധികൃതര്‍ക്കും നേരത്തെ തന്നെ നിവേദനം നല്‍കിയിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി മജീദിന്റെയും പി രമേശിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ പണി തടഞ്ഞിരിക്കുന്നത്.
Keywords: News, Malayalam News, National Highway, Kasaragod, Anangur, School Bus, Lorry, Natives blocked construction of National Highway underpass
< !- START disable copy paste -->