Liver Disease | യുവാവിന്റെ മരണം കരള്‍രോഗം മൂലമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്, ദുരൂഹത ഒഴിവായി
Feb 22, 2024, 17:07 IST
കാഞ്ഞങ്ങാട്: (KasargodVartha) ലോഡ്ജിലെ ജീവനക്കാരനെ രക്തം വാര്‍ന്ന് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത ഒഴിവായി. മരണം കരള്‍രോഗം മൂലമെന്നാണ് പോസ്റ്റുമോര്‍ടം പ്രാഥമിക റിപോര്‍ട്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി ആസാദിന്റെ നേത്യത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചത്. ഇതോടെയാണ് യുവാവിന്റെ മരണത്തിന് പിന്നിലെ ദുരുഹത നീങ്ങിയത്.
ചൊവ്വാഴ്ച (20.02.2024) രാത്രി 8.45 മണിയോടെയാണ് ഹൊസ്ദുര്‍ഗ് പുതിയകോട്ടയിലെ സൂര്യവംശി ലോഡ്ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ടെ ഓമനയുടെ മകന്‍ അനൂപിനെയാണ് (35) താമസിക്കുന്ന മുറിയില്‍ അബോധാവസ്ഥയില്‍ രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ടത്. തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഏറ്റെടുത്ത് ഊര്‍ജിതമാക്കുകയായിരുന്നു.
കരള്‍ രോഗംമൂലം നേരത്തേ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് വീണ്ടും മദ്യപിച്ചതോടെ അന്നനാളത്തില്‍ രക്തസ്രാവം സംഭവിക്കുകയും തലയിടിച്ച് മുറിയില്‍ കുഴഞ്ഞുവീണാണ് മരണമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വീഴ്ചയില്‍ തലക്കേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്ന് മുറിയില്‍ തളംകെട്ടിയിരുന്നു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kanhangad News, Postmortem Report, Death, Youth, Liver Disease, Police, Kanhangad: Postmortem report that the death of the youth was due to liver disease.