city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Japanese Youth | കാസർകോട്ടെ വാഹനങ്ങളുടെ മത്സരപ്പാച്ചിൽ കണ്ട് അന്തംവിട്ട് ജപാൻകാരൻ ദൈചി കിതാമുറ; യുവാവെത്തിയത് നാല്പത് കൊല്ലം ജപാനിൽ കഴിഞ്ഞ തളങ്കരയിലെ സികന്തറിനൊപ്പം

_സുബൈർ പള്ളിക്കാൽ_

കാസർകോട്: (KasargodVartha) ഹോൺ അടിച്ച് ചീറിപ്പായുന്ന കാസർകോട്ടെ വാഹനങ്ങളുടെ മത്സരപ്പാച്ചിൽ കണ്ട് അന്തംവിട്ട് ജപാൻകാരൻ ദൈചി കിതാമുറ. 40 വർഷമായി ജപാനിൽ ജോലി ചെയ്തുവരുന്ന തളങ്കരയിലെ സികന്തറിനൊപ്പം നാട്ടിൽ എത്തിയതായിരുന്നു യുവാവ്. റോഡ് നിയമങ്ങളിൽ യാതൊരു മര്യാദയുമില്ലാതെയാണ് ഇവിടത്തെ വാഹനങ്ങൾ ഓടുന്നതെന്നാണ് യുവാവിന്റെ അഭിപ്രായം. പേടിയോടെയാണ് താൻ സഞ്ചരിച്ചതെന്നും യുവാവ് കാസർകോട് വാർത്തയോട് പറഞ്ഞു. ജപാനിൽ വാഹനങ്ങൾ ഹോൺ അടിക്കുന്നത് തീരെ കുറവാണെന്നാണ് യുവാവിന്റെ പക്ഷം.

    
Japanese Youth | കാസർകോട്ടെ വാഹനങ്ങളുടെ മത്സരപ്പാച്ചിൽ കണ്ട് അന്തംവിട്ട് ജപാൻകാരൻ ദൈചി കിതാമുറ; യുവാവെത്തിയത് നാല്പത് കൊല്ലം ജപാനിൽ കഴിഞ്ഞ തളങ്കരയിലെ സികന്തറിനൊപ്പം

കേരളത്തിലെ ഭക്ഷണം വളരെ സ്വാദുള്ളതാണെന്നും ഭക്ഷണത്തിൽ ആവശ്യമായ ബാലൻസ് കാണിക്കുന്നില്ലെന്നും ഇറച്ചിയും മീനും കഴിക്കുമ്പോൾ തുല്യമായി പച്ചക്കറിയും പഴങ്ങളും കഴിക്കണമെന്നാണ് തങ്ങളെ പഠിപ്പിച്ചിരുന്നതെന്നും യുവാവ് പറയുന്നു. ഒരാഴ്ച മുമ്പാണ് ദൈചി കിതാമുറ സികന്തറിനൊപ്പം കാസർകോട്ട് വന്നത്. വീണ്ടും തിരിച്ചുവരണമെന്നുണ്ടെന്നും ഇൻഡ്യയിലെ പല നല്ല സ്ഥലങ്ങളും കാണണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ദൈചി കിതാമുറയ്ക്ക് കേരളീയ ഭക്ഷണം വളരെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തളങ്കര സ്വദേശി സികന്തർ കാസർകോട് വാർത്തയോട് പറഞ്ഞു. ഏറ്റവും കൂടുതൽ കറി കഴിക്കുന്നത് ഇൻഡ്യക്കാരാണ്. രണ്ടാമത് ജപാൻകാരുമാണ്. കണക്കിന്റെ രാജ്യമായാണ് ജപാൻകാര് ഇൻഡ്യയെ കരുതുന്നത്. ഇൻഡ്യ സമാധാനമുള്ള നാടാണെന്നും ഇൻഡ്യക്കാർക്ക് വലിയ ബഹുമാനമാണ് ജപാൻകാർ നൽകുന്നതെന്നും സികന്തർ പറഞ്ഞു. തളങ്കര പൊയക്കര കുടുംബാംഗമായ സികന്തർ 40 വർഷം മുമ്പാണ് ജപാനിലേക്ക് പോയത്.



തളങ്കര മുസ്ലിം ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കാസർകോട് ഗവ. കോളജിൽ നിന്ന് ബിരുദവും നേടിയ ശേഷം വ്യവസായിയും മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന കെ എസ് അബ്ദുല്ലയുടെ ബെംഗ്ളൂറിലെ ഓഫീസിൽ ജോലി തേടിയാണ് സികന്തർ ആദ്യം പോയത്. അവിടെ ജോലി ചെയ്ത് വരുന്നതിനിടയിൽ കെ എസ് അബ്ദുല്ലയുടെ മരുമകൻ ഉസ്മാൻ ജപാനിൽ സാധങ്ങൾ കയറ്റുമതി ചെയ്യുന്ന ഓഫീസ് തുടങ്ങുകയും അവിടേക്ക് പോകാൻ നിർദേശിക്കുകയുമായിരുന്നു. അങ്ങനെയാണ് ജപാനിൽ എത്തിയതെന്ന് സികന്തർ പറഞ്ഞു.

ജപാനിൽ ഒരു ജനുവരി മാസമാണ് പോയത്. അവിടെ കൊടും തണുപ്പായിരുന്നു. കൂടാതെ ഇൻഡ്യൻ ഭക്ഷണം തീരെയില്ല. ജപാനീസ് ഭാഷ മാത്രമാണ് അവിടത്തെ ജനങ്ങൾ സംസാരിക്കുന്നത്. ഇൻഗ്ലീഷ് അപൂർവമായി മാത്രമാണ് ഉപയോഗിക്കുന്നത്. ആറ് മാസം കൊണ്ട് നാട്ടിലേക്ക് വരാനിരുന്നതാണ്. എന്നാൽ പതുക്കെ ജപാനീസ്‌ ഭാഷ പഠിക്കുകയും പിന്നീട് ആ നാടുമായി പൊരുത്തപ്പെട്ട് പോവുകയുമായിരുന്നു. ഇന്ന് ആ നാട് വിട്ട് കാസർകോട് വന്ന് ഇവിടത്തെ ജീവിത രീതിയുമായി പൊരുത്തപ്പെട്ട് പോവാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സികന്തർ ചെറുചിരിയോടെ പറഞ്ഞു.

ആറ് മാസം കൊണ്ട് ജപാൻ വിട്ട് വരുമെന്ന് പറഞ്ഞ നീ 40 വർഷമായി അവിടത്തന്നെ ആണല്ലോ എന്ന്

ഇടയ്ക്ക് ഉസ്മാൻ വിളിച്ചു കളിയാക്കുമായിരുന്നു. ജപാനിലെ ജനങ്ങൾ വളരെ സഹായ മനസ്കത ഉള്ളവരാണ്. അവിടെ ഹോടെലിൽ നിന്ന് ഭക്ഷണം കഴിച്ചാൽ വലിയ മര്യാദ കാണാം. ഹോടെൽ ഭക്ഷണം കഴിച്ചാൽ പണം എടുക്ക് എന്ന് ആരും പറയാറില്ല. ഭക്ഷണത്തിന് നിങ്ങളിൽ നിന്നും പണം വാങ്ങേണ്ടി വരുമല്ലോ എന്നാണ് ജപാൻ ജനത പറയുക. ടിപ്സ് വാങ്ങുന്ന പരിപാടിയുമില്ല.

അവിടത്തെ ഓഫീസുകളിൽ പോലും വളരെ നല്ല പെരുമാറ്റമാണ്. ആരെങ്കിലും ഓഫീസിൽ എത്തിയാൽ അങ്ങോട്ട് ചെന്ന് എന്താണ് വേണ്ടതെന്ന് ചോദിക്കുന്ന രീതിയാണ് ഉള്ളത്. കൈക്കൂലി എന്ന ഏർപ്പാട് തന്നെയില്ല. കൃത്യനിഷ്ഠ ഉള്ളവരാണ് അവിടത്തെ ജോലിക്കാർ. നമ്മുടെ നാട്ടിൽ ഇല്ലാത്തതും അതാണ്. അവിടത്തെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ആദ്യം പഠിപ്പിക്കുന്നത് സൈകിൾ ഓടിക്കാനും നീന്തലുമാണ്. മര്യാദ എന്നത് അവരുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന കാര്യമാണ്. തന്റെ മകളായ ഇപ്പോൾ ഖത്വറിലുള്ള സാനിയയും മകൻ ശാനും ജപാനിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

സ്‌കൂളിലേക്ക് പ്രവേശിക്കുന്നത് പോലും കൃത്യമായ വഴിയിലൂടെയായിരിക്കും. ഒരിക്കൽ മകൾ വന്ന് പെൻസിലിന് ജീവനുണ്ടോ എന്ന് തന്നോട് ചോദിച്ചു. താൻ ഇല്ലെന്ന് പറഞ്ഞു. ടീചർ പറഞ്ഞിട്ടുണ്ടല്ലോ ജീവൻ ഉണ്ടെന്ന് എന്നായിരുന്നു മകളുടെ പ്രതികരണം. കുട്ടികൾ പെൻസിൽ കടിക്കുന്ന ദുശീലം ഒഴിവാക്കാൻ പറഞ്ഞ ഒരു പോംവഴിയായിരുന്നു അതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അത്രതന്നെ മര്യാദയും അച്ചടക്കവും പെരുമാറ്റരീതിയും സ്‌കൂളിൽ നിന്ന് തന്നെയാണ് പഠിപ്പിച്ച് കൊടുക്കുന്നത്.

നിയമങ്ങൾ എല്ലായ്‌പോഴും പാലിക്കാൻ ജപാൻ ജനത സദാ സന്നദ്ധരാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ കോവിഡ് കാലത്ത് മാസ്ക് ധരിക്കണമെന്ന് അഭ്യർഥിക്കുക മാത്രമാണ് സർകാർ ചെയ്തത്. അവിടത്തെ മുഴുവൻ ജനങ്ങളും അത് കൃത്യമായി പാലിച്ചു. അതാണ് ആ രാജ്യത്തിന്റെ വിജയം. അടുത്തിടെ 379 യാത്രക്കാരുമായി ജപാനിൽ ഒരു വിമാനം അപകടത്തിൽ പെട്ടിരുന്നു. ഇവിടെയാണെങ്കിൽ ആളുകൾ ചാടി ഇറങ്ങി ഓടുമായിരുന്നു. അപകടം സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന നിയമം ജപാൻ ജനത പാലിച്ചത് കൊണ്ട് മുഴുവൻ യാത്രക്കാരെയും 15 മിനുറ്റ് കൊണ്ട് രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു.

ജപാനിൽ ഭൂകമ്പങ്ങൾ പതിവാണ്. 1995ൽ 7200 പേരുടെ മരണത്തിനിടയാക്കിയ വലിയ ഭൂകമാണ് നടന്നത്. 57 സെകൻഡ് വരെ ഭൂമി ശക്തമായി കുലുങ്ങി. ഭൂകമ്പം ഉണ്ടാകുമ്പോൾ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് അവിടത്തെ ജനങ്ങൾക്ക് സർകാർ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇത് അവർ കൃത്യമായി പാലിക്കുന്നത് കൊണ്ട് കാര്യമായ ആളപായമോ നാശനഷ്ടമോ ഉണ്ടാവാറില്ല. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വിധത്തിലാണ് അവിടെ വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നത്.

ഭൂകമ്പം ഉണ്ടാകുമ്പോൾ എങ്ങനെ പെരുമാറണമെന്ന് സ്‌കൂൾ കുട്ടികൾക്ക് പോലും പറഞ്ഞുകൊടുത്തിട്ടുണ്ട്. തുറസായ സ്ഥലങ്ങളിലേക്ക് ഓടിപ്പോകണമെന്നും ബെഞ്ചിന്റെയോ ഡെസ്കിന്റെയോ അടിയിലേക്ക് മാറണമെന്നും അവരെ അറിയിച്ചിട്ടുണ്ട്. കുട്ടികൾ പോലും അത് പാലിക്കുന്നു. ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ട് മുമ്പ് സൈറൺ മുഴങ്ങുകയും മൊബൈൽ ഫോണിൽ അറിയിപ്പ് വരികയും ചെയ്യുന്നു.

ജപാൻകാർ നല്ല നിലയിൽ ജീവിതം ആസ്വദിക്കുന്നവരാണ്. സാങ്കേതിക വിദ്യകൾ വരുന്നതിന് വർഷങ്ങൾ മുന്നേ അവിടെ മെട്രോയും പല വികസനങ്ങളും എത്തിയിട്ടുണ്ട്. ഭൂമിക്കടിയിൽ ആദ്യത്തെ നില കടകളും അതിന് താഴെ റെസ്റ്റോറന്റുകളുമാണ്. അതിനും താഴെയാണ് റെയിൽവേ സ്റ്റേഷനുകൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ജുമൈല ഇടയ്ക്കെല്ലാം ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് ശീലിച്ചത് കൊണ്ടായിരിക്കണം ദൈചി കിതാമുറയ്ക്ക് നാട്ടിലെ ഭക്ഷണം നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും സികന്തർ കൂട്ടിച്ചേർത്തു.

Keywords:  News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Japan, Thalangara, Malayalam News, Japan native arrived in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia