Fisheries Department | മരബോട്ടില്‍ നിന്നും സ്റ്റീല്‍ ബോഡി ബോട്ടിലേക്ക്; ജനകീയ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്
കാസര്‍കോട്: (KasargodVartha) സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ വികസന - ക്ഷേമ പദ്ധതികള്‍ കാസര്‍കോട് ജില്ലയിലും നടന്നുവരികയാണ്. ജില്ലയിലെ മരബോട്ടുകള്‍ സ്റ്റീല്‍ ഹള്‍ ആക്കിമാറ്റുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നൂതന ശാസ്ത്രീയ വഴികളിലൂടെ സുരക്ഷിതമായ മീന്‍പിടിത്തം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മരബോട്ടുകള്‍ സ്റ്റീല്‍ ഹള്‍ ആക്കിമാറ്റുന്ന പദ്ധതി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
12 വര്‍ഷം വരെയാണ് മരബോട്ടുകളുടെ കാലാവധി. ജില്ലയിലെ ഭൂരിഭാഗം വരുന്ന മരത്തില്‍ നിര്‍മിച്ച ബോട്ടുകളും 20 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള ബോട്ടുകളാണ്. പല ബോട്ടുകള്‍ക്കും ലൈസന്‍സുമില്ല. മരബോട്ടുകളുടെ എഞ്ചിനുകളുടെ കാര്യക്ഷമത പരിഗണിച്ച് 20 മീറ്റര്‍ ആഴത്തില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതിയില്ല. സ്റ്റീല്‍ ബോട്ടുകളുടെ എഞ്ചിന്‍ നല്ല ശക്തിയുള്ളതും ആഴത്തിലുള്ള മത്സ്യബന്ധനത്തിന് കഴിയുന്നവയുമാണ്. 15 വര്‍ഷമാണ് സ്റ്റീല്‍ ബോട്ടുകളുടെ കാലാവധി. കൂടാതെ ലൈസന്‍സ് ഇല്ലാത്തതും 20 വര്‍ഷത്തിന് മേലെ കാലപ്പഴക്കമുള്ള ബോട്ടുകള്‍ പരിപാലിക്കാന്‍ വര്‍ഷം തോറും വലിയ തുകയും ചിലവഴിക്കേണ്ടിവരുന്നു.
പദ്ധതിയുടെ യൂണിറ്റ് വിലയുടെ 50 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി ഗുണഭോക്താവിന് നല്‍കുന്നു.15 ലക്ഷം രൂപയാണ് പരമാവധി സബ്‌സിഡി തുക. അംഗീകൃത ബോട്ട് നിര്‍മ്മാണ ശാലയുമായി കരാറില്‍ ഏര്‍പ്പെടുന്ന മുറയ്ക്ക് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സബ്‌സിഡി തുക യാര്‍ഡ് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ കൈമാറും. 12 വര്‍ഷം കാലപ്പഴക്കമുള്ളതും രജിസ്ട്രേഷന്‍ ചെയ്തതുമായ 40 അടി നീളവും 200 എച്ച്.പി താഴെ എഞ്ചിന്‍ കപ്പാസിറ്റിയുമുള്ള തടിനിര്‍മ്മിത യന്ത്രവത്കൃതയാനം സ്വന്തമായുള്ള ബോട്ട് ഉടമകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
മത്സ്യബന്ധനത്തില്‍ സജീവമായി ഏര്‍പ്പെടുന്ന, ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സാധുത ഉള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, റിയല്‍ ക്രാഫ്റ്റ് റെജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോമെട്രിക് ഐഡി കാര്‍ഡ്, ക്യൂആര്‍ കോഡ്, ആധാര്‍ കാര്‍ഡ് എന്നിവ അപേക്ഷിക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കണം. ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ച് വരെ പദ്ധതിക്കായി അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിനായി തൊട്ടടുത്തുള്ള മത്സ്യഭവനുമായി ബന്ധപ്പെടണം.