Exhibition | ഭീമന്‍ മത്സ്യമായ ഹംപ്ഹെഡ് റാസ് മുതല്‍ തിമിംഗല സ്രാവ് വരെ; കൗതുകമുണര്‍ത്തുന്ന ആഴക്കടല്‍ കാഴ്ചകള്‍ തുറന്നു; ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം കാണാനെത്തിയത് ആയിരങ്ങള്‍!
Feb 2, 2024, 16:20 IST
കൊച്ചി: (KasargodVartha) കടലറിവുകളുടെ കൗതുകക്കാഴ്ചകള്‍ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം. ഭീമന്‍ മത്സ്യമായ ഹംപ്ഹെഡ് റാസ്, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, വിലകൂടിയ മുത്തുകള്‍ തുടങ്ങി ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ കാണാന്‍ ആയിരങ്ങളാണെത്തിയത്. 77ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സിഎംഎഫ്ആര്‍ഐ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടത്.
മ്യൂസിയം, വിവിധ പരീക്ഷണശാലകള്‍, മറൈന്‍ അക്വേറിയം, ലൈബ്രറി, ഹാച്ചറികള്‍, കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരുന്നു.
ത്രിമാന ചിത്രങ്ങളും ശാസ്ത്രീയവിവരണങ്ങളും ചേര്‍ത്ത് കടല്‍ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ മ്യൂസിയത്തിലെ ഇന്ററാട്കീവ് ഡിസ്പ്ലേ ബോര്‍ഡ് ഏറെ വിജ്ഞാനപ്രദമായി.
ചുറ്റികതലയന്‍ സ്രാവ്, പുലി സ്രാവ്, പേപ്പര്‍ സ്രാവ്, കാക്ക തിരണ്ടി, മൂക്കന്‍ തിരണ്ടി, ഗിത്താര്‍ മത്സ്യം, കല്ലന്‍ വറ്റ തുടങ്ങിയ മത്സ്യയിനങ്ങളും വിവിധയിനം ചെ്മ്മീന്‍, ഞണ്ട്, കണവ, കൂന്തല്‍, നീരാളി, കക്കവര്‍ഗയിനങ്ങളും വിവിധ ലാബുകളില്‍ പ്രദര്‍ശിപ്പിച്ചു.
മീനുകളുടെ ജനിതകരഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍, സമുദ്രജൈവവൈവിധ്യ-പാരിസ്ഥിതിക പഠനങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേര്‍ചിത്രങ്ങള്‍, മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച നിര്‍മിച്ച ആഭരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കൂടുമത്സ്യകൃഷി, സംയോജിതജലകൃഷിരീതിയായ ഇംറ്റ തുടങ്ങി വിവിധ സമുദ്രജലകൃഷികളുടെ മാതൃകകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. സമുദ്രമത്സ്യ മേഖയിലെ ഗവേഷണ പഠനങ്ങളെ കുറിച്ച് വിദഗ്ധരുമായി ആശയവിനിമയത്തിനും അവസരമുണ്ടായിരുന്നു.
ശ്രദ്ധേയമായി ബോധവല്‍കരണ ബാഡ്ജുകള്‍
വംശനാശ ഭീഷണി നേരിടുന്നവ ഉള്‍പ്പെടെയുള്ള കടല്‍സമ്പത്തിന്റെ സംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കുന്ന ചിത്രസഹിതമുള്ള ബാഡ്ജുകളുടെ വിതരണം പ്രദര്‍ശനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാര്‍ത്ഥികള്‍ ഈ ബാഡ്ജുകള്‍ ധരിച്ച് പുതുമയുണര്‍ത്തുന്ന ബോധവല്‍കരണരീതിയുടെ ഭാഗമായി.
Keywords: News, Kerala, Kerala-News, Top-Headlines, Giant Fish, Humphead Wrasses, Whale Sharks, CMFRI, Presented, Kochi News, Curious Sights, Sea, Open House, Exhibition, Central Marine Fisheries Research Institute, From Humphead Wrasses to whale sharks; CMFRI presented the curious sights of the seas.