Investigation | ജ്വലറി ശാഖയിൽ നിന്നും 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കട്ടെടുത്ത ജീവനക്കാരൻ ഓൺലൈൻ ഗെയിമിന്റെ അടിമയെന്ന് പൊലീസ്; തട്ടിപ്പ് കണ്ടെത്തിയത് ഓഡിറ്റിംഗിൽ
Mar 7, 2024, 12:48 IST
ചെറുവത്തൂർ: (KasargodVartha) അഞ്ച് മാസം മുമ്പ് തുറന്ന ജ്വലറി ശാഖയിൽ നിന്നും 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കട്ടെടുത്ത ജീവനക്കാരൻ ഓൺലൈൻ ഗെയിമിന്റെ അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഓൺലൈൻ ഗെയിം കളിക്കാനാണ് ഇയാൾ തട്ടിയെടുത്ത സ്വർണമെല്ലാം വിൽക്കുകയും പണയം വെക്കുകയും ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
സിറ്റി ഗോൾഡ് ജ്വലറിയുടെ ചെറുവത്തൂർ ശാഖയിൽ നിന്ന് സെയിൽസ്‌മാനായ കർണാടക ബെൽത്തങ്ങാടി താലൂക് പരിധിയിലെ ഇർഫാൻ (26) 184 ഗ്രാം സ്വർണാഭരണങ്ങൾ തന്ത്രപൂർവം പുറത്തേക്ക് കടത്തിയെന്നാണ് പരാതി. രാത്രിയിലാണ് ഉറക്കമൊഴിഞ്ഞു യുവാവ് ഓൺലൈൻ ഗെയിമിൽ ഏർപെട്ട് വന്നിരുന്നതെന്നും തൊട്ടടുത്ത സ്ഥലങ്ങയിൽ തന്നെയാണ് വിൽപന നടത്തുകയും പണയം വെക്കുകയും ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
മാർച് മാസം ആദ്യം നടത്തിയ ഓഡിറ്റിംഗിലാണ് സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിന്നാണ് സ്വർണം കടത്തിയത് സെയിൽസ്‌മാനായ ഇർഫാൻ ആണെന്ന് തെളിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണമെല്ലാം പോയത് ഓൺലൈൻ ഗെയിമിലേക്കാണെന്ന് വ്യക്തമായത്.
ചന്തേര ഇൻസ്‌പെക്ടർ ജി പി മനുരാജ് ആണ് അന്വേഷണം നടത്തുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.
Keywords: Police Booked, Malayalam News, Crime, News, Top-Headlines, Kasargod, Kasaragod-New, Kerala, Kerala-News, Police, Investigation, Employee stole jewellery to play online games: Police.