Nasrin Biglari | സാമൂഹിക മുന്നേറ്റത്തിലും സാക്ഷര മേഖലകളിലും അഭിമാനിക്കുന്ന കേരളത്തില്‍ പോലും ലഹരി വ്യാപനത്തിലും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമത്തിലും മറ്റു സംസ്ഥാനങ്ങളെ പോലെയാകുന്നത് ലജ്ജാകരമെന്ന് നസ്‌റിന്‍ ബെല്ലാരി
Mar 1, 2024, 20:26 IST
ഉപ്പള: (KasargodVartha) സാമൂഹിക മുന്നേറ്റത്തിലും സാക്ഷര മേഖലകളിലും അഭിമാനിക്കുന്ന കേരളത്തില്‍ പോലും ലഹരി വ്യാപനത്തിലും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമത്തിലും മറ്റു സംസ്ഥാനങ്ങളെ പോലെയാകുന്നത് ലജ്ജാകരമെന്ന് വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ് ദേശീയ സെക്രടേറിയേറ്റ് അംഗം നസ്‌റിന്‍ ബെല്ലാരി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള വിവിധ രീതിയിലുള്ള അതിക്രമങ്ങള്‍ വ്യപകമാണെന്ന് പറഞ്ഞ അവര്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ബാലവേലകള്‍ തുടങ്ങിയവ പതിവ് വാര്‍ത്തകളാണെന്നും കുറ്റപ്പെടുത്തി.
2019 മുതല്‍ 2021 വരെ മാത്രം പതിമൂന്ന് ലക്ഷത്തിലധികം സ്ത്രീകളെയാണ് കാണാതായത്. എന്നാല്‍ ഇതേകുറിച്ച് ഇതുവരെ നേരായരീതിയിലുള്ള ഒരന്വേഷണം നടന്നില്ലെന്നും അവര്‍ ആരോപിച്ചു. ബേട്ടി ബച്ചാവോ, ബേട്ടി ബഠാവോ എന്ന് പറയുന്ന മോദി എന്താണ് ഈ വിഷയത്തില്‍ ചെയ്തതെന്നും അവര്‍ ചോദിച്ചു. കേന്ദ്ര സര്‍കാറിന്റെ കാപട്യം തിരിച്ചറിയണമെന്ന് പറഞ്ഞ അവര്‍ സാമൂഹിക തിന്മകളുടെ മൂല കാരണമായ ലഹരിയെ നിര്‍മാര്‍ജനം ചെയ്യേണ്ടത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാതിത്വമാണെന്നും വ്യക്തമാക്കി.
ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദിക്കാനും അത് തടയുന്നതിനും സ്ത്രീകളെ ബോധവല്‍കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ലഹരിയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും തുടര്‍കഥയായ സമയത്ത് വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ് കേരള സംസ്ഥാന കമിറ്റിയുടെ ഇത്തരം കാംപയ്ന്‍ അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
ഫെബ്രുവരി ഒന്ന് മുതല്‍ 29 വരെ നീണ്ടുനിന്ന സാമൂഹിക തിന്മക്കെതിരെ സ്ത്രീ ശക്തി എന്ന മുദ്രാവാക്യത്തില്‍ വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ് കേരള സംസ്ഥാന കമിറ്റിയുടെ കാംപയ്ന്‍ സമാപന സമ്മേളനം ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ് സംസ്ഥാന ജെനറല്‍ സെക്രടറി ഇര്‍ശാന എം ഐ സ്വാഗതം പറഞ്ഞു.
വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കമിറ്റി അംഗം നൂര്‍ജഹാന്‍ കല്ലന്‍ങ്കോടന്‍, ഡി എസ് എസ് കേരള സ്റ്റേറ്റ് ചെയര്‍പേഴ്‌സന്‍ രേഷ്മ കരിവേടകം, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് സുലൈഖ മാഹിന്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത് പ്രസിഡന്റ് ജീന്‍ ലവിനോ മന്ദരോ, വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം, സംസ്ഥാന സെക്രടറി റൈഹാനത്ത് സുധീര്‍ സംസ്ഥാന കമിറ്റി അംഗങ്ങളായ ബാബിയ ടീചര്‍, ബിന്ദു രമേഷ്, ഖമറുല്‍ ഹസീന, എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അശ്‌റഫ് ബഡാജെ, ജില്ലാ പ്രസിഡന്റ് നജ്മ റശീദ് തുടങ്ങിയര്‍ സംസാരിച്ചു.
കാംപയ്ന്‍ സമാപനത്തോടനുബന്ധിച്ച് ഉപ്പള ഹനഫി ബസാറില്‍ നിന്നും നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്ന റാലി വ്യാപാര ഭവനിനടുത്ത് സമാപിച്ചു.
Keywords: Crime against women, children on rise in Kerala says Nasrin Biglari, Uppala, Kasaragod, News, Nasrin Biglari, Children, Women, Attack, Drug Spread, Probe, Kerala News.