മുന്‍ എം എല്‍ എ ബി രാഘവന്‍ നിര്യാതനായി; മുഖ്യമന്ത്രി അനുശോചിച്ചു
കൊല്ലം: (www.kasargodvartha.com 23.02.2021) മുന്‍ എംഎല്‍എയും എസ് സി എസ് ടി കോര്‍പറേഷന്‍ ചെയര്‍മാനുമായ കൊട്ടാരക്കര താമരക്കുടി രാഖിയില്‍ ബി രാഘവന്‍(69) നിര്യാതനായി. സി പി എം സംസ്ഥാന കമിറ്റി അംഗവും കെ എസ് കെ ടി യു മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ബി രാഘവനെയും കുടുംബ അംഗങ്ങളെയും പാരിപ്പള്ളി മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പുലര്‍ച്ചെ നാലേമുക്കാലിന് മരിച്ചു. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് ബി രാഘവനെ തിരുവനന്തപുരം മെഡികല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്‌നികളുടെയും പ്രവര്‍ത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുകയും മരണത്തിന് കീഴടങ്ങി. സി പി എമിന്റെ കൊല്ലം ജില്ലയിലെ പ്രധാനികളില്‍ ഒരാളാണ് ബി രാഘവന്‍.
മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നടക്കാനിരുന്ന ഇടത് മുന്നണി ജാഥയുടെ കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികള്‍ മാറ്റിവച്ചു. ഭാര്യ: രേണുക. മക്കള്‍ : രാകേഷ് ആര്‍ രാഘവന്‍, രാഖി ആര്‍ രാഘവന്‍.
1987ല്‍ നെടുവത്തൂരില്‍ നിന്നാണ് രാഘവന്‍ ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോണ്‍ഗ്രസ്(ജെ) സ്ഥാനാര്‍ത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തില്‍ വിജയം ചേര്‍ത്തുനിര്‍ത്തിയത്. 1991ല്‍ കോണ്‍ഗ്രസിലെ എന്‍ നാരായണനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 1996ല്‍ കോണ്‍ഗ്രസിലെ എഴുകോണ്‍ നാരായണനോട് പരാജയപ്പെട്ടുവെങ്കിലും 2006ല്‍ 48023 വോട്ടിന്റെ ഭൂരിപക്ഷം നേടി തിരികെ നിയമസഭയിലെത്തി. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്നതായിരുന്നു രാഘവനെ കൂടുതല്‍ സ്വീകാര്യനാക്കിയത്.
സിപിഐ(എം) സംസ്ഥാന കമിറ്റി അംഗവും നെടുവത്തൂര്‍ മുന്‍ എം എല്‍ എ യുമായ ബി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
അധസ്ഥിതവര്‍ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച പോരാളിയായിരുന്നു ബി രാഘവന്‍. മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി സാധ്യമായ എല്ലാ മേഖലകളിലും ശബ്ദമുയര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്നില്‍ നിന്നു. നിയമസഭാ സാമാജികന്‍ എന്ന നിലയിലും മികച്ച ഇടപെടലായിരുന്നു രാഘവന്റേത്. അകാലത്തിലുള്ള ആ വിയോഗം നാടിനാകെ അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Keywords: News, Kerala, State, Thiruvananthapuram, Minister, Pinarayi-Vijayan, Top-Headlines, Death, Condolence, MLA, CM condoles on death of former MLA B Raghavan