Injured | ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; കൊലക്കേസ് പ്രതിയായ യുവാവിന് ഗുരുതരം; 2 പേർ പിടിയിൽ; 'പരുക്കേറ്റയാളും പ്രതികളും നിരവധി ക്രിമിനൽ കേസിലെ പ്രതികൾ'
Jan 13, 2024, 11:17 IST
കാസർകോട്: (KasargodVartha) ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ഗുരുതര പരുക്കേറ്റു. രണ്ട് പേരെ പൊലീസ് പിടികൂടി. കുഡ്‌ലു രാംദാസ് നഗറിലെ അക്ഷയ് കുമാർ ഷെട്ടി എന്ന തേജു (27) വിനാണ് പരുക്കേറ്റത്. ഇയാളെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിജിത്, സനത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ കോട്ടക്കണ്ണിയിലാണ് സംഭവം. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി ഇരുമ്പ് വടി, സോഡാകുപ്പി എന്നിവ കൊണ്ട് തലയ്ക്കടക്കം അടിച്ചും കാലുകൊണ്ട് ചവിട്ടിയും വിജിതും സനതും ഗുരുതരമായി പരുക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2004ൽ നടന്ന കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തേജു കാപ കേസിൽ അറസ്റ്റിലായി ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്.
വിജിത് കൊലപാതകശ്രമം അടക്കം ഒമ്പത് കേസുകളിലും സനത് ഒരു അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തേജുവിനെതിരെയുള്ള ആക്രമണത്തിൽ ഐപിസി 323, 324, 307, 34 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: News, Malayalam News, Kasaragod, Kerala, Crime, Clash, Injured, Clash between goonda gangs; One injured