Charge Sheet | വ്യാജരേഖ കേസിൽ കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; എല്ലാം ചെയ്തത് ഒറ്റയ്ക്കെന്ന് പൊലീസ്
Jan 23, 2024, 20:53 IST
കാഞ്ഞങ്ങാട്: (KasargodVartha) അധ്യാപിക നിയമനത്തിന് കെ വിദ്യ വ്യാജരേഖ ചമച്ചുവെന്ന കേസിൽ നീലേശ്വരം പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപിച്ചു. കരിന്തളം ഗവ. കോളജിൽ നിയമനത്തിന് വേണ്ടി വ്യാജ പ്രവൃത്തിപരിചയ സർടിഫികറ്റ് ഉണ്ടാക്കി നൽകിയെന്നാണ് കേസ്. വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ കുറ്റപത്രത്തിൽ പറയുന്നത്. തന്‍റെ മൊബൈല്‍ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്‍റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നും വ്യാജ സർടിഫികറ്റ് ഉപയോഗിച്ച് സർകാർ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപിക്കൽ, വഞ്ചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ കെ വിദ്യയെ നീലേശ്വരം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സർടിഫികറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ പൊലീസിന് മൊഴി നൽകിയിരുന്നത്.
അതേസമയം പൊലീസ് കൂട്ടുപ്രതികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നില്ലെന്നും ചിലരെ രക്ഷപ്പെടുത്താനാണ് വിദ്യയിൽ മാത്രം അന്വേഷണം ഒതുക്കിയതെന്നമുള്ള ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഹാരാജാസ് കോളജിന്‍റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർടിഫികറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളജില്‍ വിദ്യ ജോലി ചെയ്തിരുന്നുവെന്നാണ് പരാതി. തുടർന്ന് കഴിഞ്ഞ ജൂണ്‍ 27നാണ് വിദ്യ അറസ്റ്റിലായത്.
ഗസ്റ്റ് അധ്യാപിക നിയമനം നേടിയ വിദ്യ ഒരു വർഷത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. 2,78,250 രൂപ വിദ്യ ജോലിയിലൂടെ സമ്പാദിച്ചുവെന്ന് പൊലീസ് നേരത്തെ കോടതിയിൽ റിപോർട് നൽകിയിരുന്നു. സീനിയറായിരുന്ന കെ രജിതയും കരിന്തളം കോളജിൽ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. നേരത്തെ ഉദുമ സർകാർ കോളജിൽ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ കെ വിദ്യയെ മറികടന്ന് രജിത നിയമനം നേടിയിരുന്നു. ഇതേത്തടുർന്നാണ് കരിന്തളം കോളജിൽ ജോലിനേടാനായി വിദ്യ വ്യാജരേഖ ചമച്ചതെന്നാണ് ആരോപണം.
പിന്നീട്, അട്ടപ്പാടി കോളജിലും വ്യാജ പ്രവൃത്തി പരിചയ സർടിഫികറ്റ് ഹാജരാക്കി അധ്യാപിക ജോലി നേടിയെടുക്കാൻ ശ്രമിച്ചതായി പ്രിൻസിപൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. അട്ടപ്പാടിയിലും വിദ്യയ്ക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. നീലേശ്വരം പൊലീസിന്റെ അന്വേഷണം നേരത്തെ പൂർത്തിയായെങ്കിലും കുറ്റപത്രം സമർപിക്കാൻ വൈകുകയായിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ടിഫൈഡ് കോപികള്‍ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Charge Sheet, K Vidya, Charge sheet filed against K Vidya in forgery case.
< !- START disable copy paste -->