city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaints | ബഡ്‌സ് ആക്ട് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പരാതി നൽകിയവരുടെ എണ്ണം കുതിച്ചുയർന്നു; പുതുതായി എത്തിയത് 95 പരാതികൾ

കാസർകോട്: (KasargodVartha) ബഡ്‌സ് ആക്ട് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പരാതി നൽകിയവരുടെ എണ്ണം കുതിച്ചുയർന്നു. അന്വേഷണം പൂർത്തിയാക്കിയത് 168 പരാതികളിലാണെങ്കിലും പുതുതായി 95 പരാതികൾ കൂടി എത്തിയതോടെ ആകെ പരാതി നൽകിയവരുടെ എണ്ണം 263 ആയി. 29 പേരാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ ആകെ പ്രതികൾ. ഓരോ കേസിലും ചെയർമാനും മാനജിങ് ഡയറക്റർമാരും ഉണ്ടെങ്കിലും മറ്റ് ഡയറക്ടർമാർ പ്രതിസ്ഥാനത്ത് മാറിവരുന്നുണ്ട്.

Complaints | ബഡ്‌സ് ആക്ട് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പരാതി നൽകിയവരുടെ എണ്ണം കുതിച്ചുയർന്നു; പുതുതായി എത്തിയത് 95 പരാതികൾ

കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പിപി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ച് കൊണ്ടിരിക്കുന്നത്. കാസർകോട്, തലശേരി ജില്ലാ അഡീഷണൽ കോടതികളിലാണ് കുറ്റപത്രം സമർപിച്ച് വരുന്നതെന്ന് എസ് പി പിപി സദാനന്ദൻ കാസർകോട് വാർത്തയോട് പറഞ്ഞു. ചെയർമാൻ എം സി ഖമറുദ്ദീൻ, എം ഡി പൂക്കോയ തങ്ങൾ എന്നിവരുടെ വീടുകൾ ഉൾപെടെ ആറ് സ്വത്തുക്കൾ ഏറ്റെടുക്കാൻ കണ്ണൂർ കലക്ടർ തലശേരി കോടതിയിൽ കണ്ടുകെട്ടൽ റിപോർട് സമർപിച്ച് കഴിഞ്ഞിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി.

കേസിൽ 168 പരാതിക്കാരുടെ മൊത്തം ബാധ്യത 26.15 കോടി രൂപയാണ്. പണം തിരികെ ലഭിക്കാത്ത നിക്ഷേപകർക്ക് ആദ്യം പണം നൽകണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് കോടതിക്ക് റിപോർട് നൽകിയിട്ടുള്ളത്. മഞ്ചേശ്വരം മുൻ എംഎൽഎ എം സി ഖമറുദ്ദീൻ ഉൾപെടെ നാല് കംപനികളെയും 26 പേരെയും പ്രതികളാക്കിയാണ് കുറ്റപത്രം സമർപിച്ചിരിക്കുന്നത്. 35 കേസുകളുടെ കുറ്റപത്രം തയ്യാറായിട്ടുണ്ടെന്നും കോടതിയിൽ സമർപിക്കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് അഡീഷണൽ ഡയറക്ടറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. മറ്റ് കേസുകളിലും അന്വേഷണം പൂർത്തിയായെന്നും രണ്ട് മാസത്തിനകം കുറ്റപത്രം സമർപിക്കുമെന്നും ക്രൈംബ്രാഞ്ച് എസ് പി അറിയിച്ചു.

ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഫാഷൻ ഓർണമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ്, നുജും ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് കംപനികൾ പൊതുജനങ്ങളിൽ നിന്ന് അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ശേഷം 2020 സെപ്തംബർ മുതൽ 168 പേരെ വഞ്ചിച്ചുവെന്ന കേസാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. 12% മുതൽ 14% വരെയുള്ള പ്രതിമാസ വരുമാനമാണ് നിക്ഷേപകർക്ക് നൽകി വന്നത്. നോട് അസാധുവാക്കലിനുശേഷം പലർക്കും ലാഭവിഹിതം നൽകാതിരുന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്ത് വരാൻ തുടങ്ങിയത്.

മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന എം സി ഖമറുദ്ദീൻ നാല് കംപനികളുടെ ചെയർമാനും മുസ്‌ലിം ലീഗ് നേതാവായ ടി കെ പൂക്കോയ തങ്ങൾ മാനജിംഗ് ഡയറക്ടറുമായിരുന്നു. 168 കേസുകളിലും ഇവർ രണ്ടുപേരാണ് മുഖ്യപ്രതികൾ. നാല് കംപനികളും ഡയറ്കടർമാരും 168 പരാതിക്കാർക്ക് 26.15 കോടി രൂപ നൽകാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കിയിട്ടുള്ളത്. പൂക്കോയ തങ്ങളുടെ മകൻ ഹിശാം അഞ്ചരപ്പാട്ടിൽ, അനന്തരവൻ സൈനുൽ ആബിദ്, ജെനറൽ മാനജർമാർ, സ്റ്റോർ മാനജർമാർ, നാല് കംപനികളിലെയും ഡയറക്ടർമാർ എന്നിവരും പ്രതിപട്ടികയിൽ ഉൾപെട്ടിട്ടുണ്ട്.

വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം, പൊതുപ്രവർത്തകൻ ക്രിമിനൽ ലക്ഷ്യത്തോടെ വിശ്വാസ ലംഘനം (ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, 406, 409), അനിയന്ത്രിതമായ നിക്ഷേപ പദ്ധതി പ്രകാരം പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചു (സെക്ഷൻ 3) എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപോസിറ്റ് സ്കീംസ് (BUDS) ആക്ടും, ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് 2013-ലെ കേരളാ പ്രൊടക്ഷൻ ഓഫ് ഡെപോസിറ്റർ ഓഫ് ഡെപോസിറ്റേഴ്‌സിന്റെ സെക്ഷൻ 5 ഉം പ്രകാരവുമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് എസ്പി സദാനന്ദൻ സമർപിച്ച റിപോർടിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളായ ഖമറുദ്ദീൻ, പൂക്കോയ തങ്ങൾ എന്നിവരുടെ ആറ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സർകാർ നടത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ഫാഷൻ ഗോൾഡിന്റെ കെട്ടിടം, ഖമറുദ്ദീൻ, പൂക്കോയ തങ്ങൾ എന്നിവരുടെ രണ്ട് വീടുകൾ, ബെംഗ്ളൂറിലെ ഒരേകർ സ്ഥലമുള്ള ഫാഷൻ ഗോൾഡ് കെട്ടിടം, കാസർകോട് ഫാഷൻ ഗോൾഡ് കെട്ടിടം എന്നിവ കണ്ടുകെട്ടാൻ ഓഗസ്റ്റ് ഏഴിന് ധനകാര്യ സെക്രടറി സഞ്ജയ് എം കൗൾ ഉത്തരവിട്ടിരുന്നു. ബഡ്സ് ആക്ട് പ്രകാരം എസ് പി സദാനന്ദന്റെ റിപോർട് അനുസരിച്ചാണ് കണ്ടുകെട്ടാൽ ഉത്തരവ് പുറപ്പെടുവിച്ചത്.

ബഡ്‌സ് ആക്ട് പ്രകാരം, കണ്ടുകെട്ടൽ ഉത്തരവിൽ ഹിയറിങ് നടത്താനും താൽക്കാലികമായി കണ്ടുകെട്ടിയത് സ്ഥിരമാക്കുന്നതിന് കോടതിയുടെ അനുമതി തേടാനും കണ്ണൂർ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. മൂന്നാഴ്ച മുമ്പ് മുൻ കലക്ടർ എസ് ചന്ദ്രശേഖർ നടപടികൾ പൂർത്തിയാക്കി 150 പേജുള്ള സമഗ്രമായ കണ്ടുകെട്ടൽ റിപോർട് തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സമർപിച്ചിട്ടുണ്ട്.

നിക്ഷേപകർക്ക് കലക്ടറുടെ നടപടി കുറ്റപത്രത്തേക്കാൾ പ്രധാനമാണ്, ഇത് അവരുടെ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതായും എസ് പി പറഞ്ഞു. എന്നിരുന്നാലും, കണ്ടുകെട്ടിയ ആറ് സ്വത്തുക്കൾക്ക് മൊത്തം ബാധ്യതയായ 26.15 കോടിയുടെ ഏകദേശം 30% മാത്രമേ മൂല്യമുള്ളൂവെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കംപനികളിൽ നിന്ന് പണം തിരികെ ലഭിക്കാത്ത പുതിയ നിക്ഷേപകർക്ക് മുൻഗണന ലഭിക്കുമെന്നാണ് കരുതുന്നത്. അവരുടെ ബാധ്യതകൾ ഏതാണ്ട് 18 കോടി രൂപയോളം വരും.

ഉയർന്ന വരുമാനം കാരണം ആദ്യകാല നിക്ഷേപകർ തങ്ങളുടെ പണം തിരിച്ചുപിടിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പുകളിൽ വിദഗ്ധനും വിവിധ രൂപത്തിലുള്ള പണമിടപാടു പദ്ധതികളെയും സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ചുള്ള പുസ്തകമായ 'കോർപറേറ്റ് ഡിസെപ്ഷൻസ്' രചയിതാവുമാണ് ക്രൈംബ്രാഞ്ച് എസ് പി സദാനന്ദൻ.

പയ്യന്നൂരിലെ കെട്ടിടത്തിന് ആറ് കോടി രൂപയെങ്കിലും വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. 4.5 കോടി രൂപ ലഭിക്കേണ്ട ഒരു നിക്ഷേപകന് കാസർകോട് ജ്വലറി കെട്ടിടം 3.5 കോടി രൂപയ്ക്ക് വിറ്റിരുന്നു. അതിനാൽ, ഫാഷൻ ഗോൾഡിൽ നിന്ന് നിക്ഷേപകന് ഇനിയും ഒരു കോടി രൂപ ലഭിക്കേണ്ടതുണ്ട്. അവരുടെ കേസിന് മുമ്പുള്ള സ്വത്തുക്കൾ ഒഴികെ, സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ നിന്ന് രക്ഷപ്പെടാൻ നിരവധി വിൽപനകൾ നടന്നിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിൽ നിന്ന് രക്ഷ നേടാൻ കേസിന് ശേഷം കംപനിയുടെ സ്വത്ത് ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അത്തരം വസ്തുക്കൾ കണ്ടുകെട്ടാൻ ബഡ്‌സ് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരം വിൽപന തെറ്റായ കൈമാറ്റങ്ങളായാണ് കണക്കാക്കുന്നത്.

പ്രതികളുടെ സ്വത്തു-ബാധ്യതകൾ കൂടാതെ തലശേരി കോടതിയിൽ കലക്ടർ സമർപിച്ച കണ്ടുകെട്ടൽ റിപോർടിൽ കുറ്റകൃത്യത്തിന്റെ പണമിടപാട് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ബഡ്‌സ് ആക്ട് കൂടി പ്രതികൾക്കെതിരെ ചുമത്തിയതോടെ തങ്ങളുടെ നിക്ഷേപ തുക കിട്ടുമെന്ന് മനസിലാക്കിയതോടെയാണ് തുടക്കത്തിൽ രജിസ്റ്റർ ചെയ്ത 168 എഫ്ഐആറുകൾക്ക് പുറമെ 33 പരാതികൾ കൂടി ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇതുകൂടി ചേർത്ത് കണ്ണൂർ കലക്ടർ തലശേരി കോടതിയിൽ സമർപ്പിച്ച സ്വത്ത് കണ്ടുകെട്ടൽ റിപോർടിൽ 201 പേരുടെ പരാതികളാണ് ക്രൈംബ്രാഞ്ച് ഉൾപെടുത്തിയിട്ടുള്ളത്. അതിനുശേഷം, ക്രൈംബ്രാഞ്ചിന് 63 പരാതികൾ കൂടി ലഭിച്ചതോടെ മൊത്തം എഫ്‌ഐആറുകളുടെ എണ്ണം 263 ആയിട്ടുണ്ട്. പുതിയതായി എത്തിയ 63 പരാതികളിലും അന്വേഷണം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

Keywords:  BUDS, Fashion Gold, Police, FIR, Crime Branch, Court, Charge sheet, Muslim League, Collector, BUDS act: Number of complaints filed in Fashion Gold investment fraud case raised.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia