NIT | അയോധ്യ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധം; കോഴിക്കോട് എന്‍ഐടി കാംപസ് 4 ദിവസത്തേക്ക് അടച്ചു; നടത്താനിരുന്ന പരീക്ഷ, പ്ലേസ്‌മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി
Feb 2, 2024, 09:43 IST
കോഴിക്കോട്: (KasargodVartha) അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച (01.02.2024) ഉണ്ടായ വിദ്യാര്‍ഥി സമരത്തിന് പിന്നാലെ കോഴിക്കോട് എന്‍ഐടി കാംപസ് അടച്ചിട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലാം തിയതി വരെ കാംപസ് അടച്ചിടുമെന്ന് രെജിസ്ട്രാര്‍ സര്‍കുലര്‍ പുറപ്പെടുവിച്ചു.
വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ പരിസരം വിട്ടുപോകരുതെന്നും നിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷ, കാംപസ് പ്ലേസ്‌മെന്റ്, കൂടിക്കാഴ്ച എന്നിവ മറ്റൊരു ദിവസം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ഏകാംഗ പ്രതിഷേധം നടത്തിയതിന് വിദ്യാര്‍ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വ്യാഴാഴ്ച കാംപസിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. സമരത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ താല്‍ക്കാലികമായി പിന്‍വലിക്കാന്‍ എന്‍ഐടി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കാംപസ് അടച്ചിടാനുള്ള തീരുമാനമുണ്ടായത്.
വിവിധ വിദ്യാര്‍ഥി സംഘടനകള്‍ എന്‍ ഐ ടിയിലേക്ക് നടത്തിയ മാര്‍ചില്‍ പൊലീസുമായി സംഘര്‍ഷമുണ്ടായിരുന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എന്‍ ഐ ടി കാംപസിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സയന്‍സ് ആന്‍ഡ് സ്പിരിച്വാലിറ്റി എന്ന ക്ലബാണ് കഴിഞ്ഞ മാസം 22 ന് ഇന്‍ഡ്യയുടെ ഭൂപടം കാവി നിറത്തില്‍ തയാറാക്കിയത്. ഇതിനെതിരെ ഇന്‍ഡ്യ രാമരാജ്യമല്ലെന്ന പ്ലകാര്‍ഡുമായി പ്രതിഷേധിച്ച ബി ടെക് വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
Keywords: News, Kerala, Kerala-News, Top-Headlines, Kozhikode-News, Ayodhya, Pratishtha Day, Protests, Kozhikode News, NIT Campus, Shuts Down, Hostel Premises, Advised, Ayodhya Pratishtha Day Protests; Kozhikode NIT Campus shuts down.