AC Habits | ദിവസം മുഴുവൻ എസിയിൽ കിടക്കല്ലേ, പണി കിട്ടും
ന്യൂഡെൽഹി: (KasrgodVartha) കൊടും ചൂടിൽ നിന്ന് ഒരല്പം ആശ്വാസം ലഭിക്കാൻ ഒന്നുമല്ല നമ്മൾ ഇന്ന് എയർ കണ്ടീഷണർ ഉപയോഗിക്കുന്നത്. മറിച്ചോ എസി ഇല്ലാതെ ഉറങ്ങാൻ കഴിയില്ലെന്ന അവസ്ഥ കൊണ്ടാണല്ലേ. എന്നാൽ കേട്ടോളൂ, ഇതിൻ്റെ തണുപ്പ് എത്രത്തോളം ആശ്വാസം നൽകുന്നുവോ അത്രത്തോളം തന്നെ ആരോഗ്യത്തിന് ഹാനികരവുമാണ്.
കൃത്രിമ ശീതീകരണ ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുന്ന തണുത്ത വായു ദീർഘനേരം മുറിക്കുള്ളിൽ അതേപടി നിലനിൽക്കുന്നതിനാൽ, പേശികളിലെയും സന്ധികളിലെയും രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങുന്നു. സന്ധിവാതം ഉള്ളവർ, പ്രത്യേകിച്ച് എസിയിൽ അധികനേരം ഇരിക്കരുത്.
എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ വായുവിൽ ഈർപ്പം വളരെ കുറവാണ്. ഇക്കാരണത്താൽ, അത്തരം അന്തരീക്ഷത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കണ്ണുകളിൽ വരൾച്ച, എരിച്ചിൽ, ചൊറിച്ചിൽ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
എയർ കണ്ടീഷണറുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എസി, മുറികൾ അടച്ചിടുന്നതു കാരണം വായുസഞ്ചാരം ശരിയായി നടക്കില്ല, ഇത് മൂലം ആസ്ത്മ, അലർജി എന്നിവയ്ക്കുള്ള സാധ്യതയും ഗണ്യമായി വർധിക്കുന്നു.
എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ താമസിക്കുന്നവരിൽ നിർജ്ജലീകരണം എന്ന പ്രശ്നം വളരെ സാധാരണമാണ്. ഇതുകൊണ്ടാണ് ദിവസം മുഴുവൻ ശീതീകരിച്ച മുറിയിൽ ഇരിക്കുന്ന ആളുകളുടെ ചർമ്മം കൂടുതൽ വരണ്ടതായി കാണപ്പെടുന്നത്.
ലഭ്യമായ റിപോർട് അനുസരിച്ച്, മോശം വായുസഞ്ചാരമുള്ള ഒരു എസി കെട്ടിടത്തിലാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ, അത് സിക്ക് ബിൽഡിംഗ് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തലവേദന, വരണ്ട ചുമ, തലകറക്കം, ഓക്കാനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ഗന്ധം തിരിച്ചറിയാനാവാതെ വരിക എന്നിവ ലക്ഷണങ്ങളാണെന്നും വിദഗ്ധർ പറയുന്നു.