വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം, വിവാഹങ്ങൾക്ക് 100 പേർ, കടകൾ 9 മണി വരെ മാത്രം; കാസർകോട്ട് പുതിയ നിയന്ത്രണങ്ങൾ, കൂടുതലറിയാം
Apr 16, 2021, 17:55 IST
കാസർകോട്: (www.kasargodvartha.com 16.04.2021) കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപെടുത്തി. 14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സെർടിഫികറ്റോ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ ചെയ്തതിന്റെ സെർടിഫികറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കേണ്ടതുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
ഇത് നടപ്പാക്കാനായി ഈ ടൗണുകളിൽ രണ്ട് വശത്തും പൊലീസ് പരിശോധന നടത്തും. കോവിഡ് പരിശോധനയും വാക്‌സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധന കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്‌സിക്യൂടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിക്കും.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പത് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. സമയ പരിധി പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോവിഡ് രോഗികളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നപക്ഷം, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്തിരാജ് ആക്റ്റ് എന്നിവയിൽ അനുശാസിക്കുന്ന അധികാരമുപയോഗിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാവുന്നതാണ്.
പൊലീസ് പരിശോധന കർശനമാക്കാനായി സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഉത്സവ പരിപാടികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മത നേതാക്കളുടെ യോഗം പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ വിളിച്ചു ചേർക്കും. യോഗങ്ങളിൽ ആർ ഡി ഒ, തഹസിൽദാർ എന്നിവരെക്കൂടി പങ്കെടുപ്പിക്കും. പൊതുഗതാഗത വാഹനങ്ങളിൽ അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ കയറ്റാൻ പാടുള്ളൂ. ബസുകളിൽ നിന്ന് കൊണ്ട് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇതിന് വിരുദ്ധമായി സെർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ആർടിഒ കർശന നടപടി സ്വീകരിക്കും.
തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാതയ്ക്കരികിലെയും കാസർകോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡരികിലെയും തട്ടുകടകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പാർസലായി മാത്രമേ ഭക്ഷണം വിൽക്കാൻ പാടുള്ളൂ. ഈ കടകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. എല്ലാ സ്ഥാപനങ്ങളുടെയും ഉടമയും സ്ഥാപനത്തിലെ മറ്റ് ജോലിക്കാരും നിർബന്ധമായും ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കണം. കടയ്ക്കു മുന്നിൽ ആൾക്കാർ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. ഈ നിർദേശത്തിന്റെ ലംഘനം കണ്ടാൽ കർശന നടപടി സ്വീകരിക്കും.
ട്യൂഷൻ സെന്ററുകളിൽ കോവിഡ് പ്രോടോകോൾ പാലിക്കാതെ കൂടുതൽ വിദ്യാർഥികൾക്ക് ഒരേ സമയം ക്ലാസെടുക്കുന്നത് അനുവദിക്കില്ല. സ്‌കൂളുകളിൽ പരീക്ഷാ നടത്തിപ്പിന് സ്വീകരിച്ചിട്ടുള്ള അതേ മുൻകരുതലുകൾ പാലിച്ച് ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികൾ മാത്രമായിരിക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കും. തുറന്ന മൈതാനങ്ങളിലും ഇൻഡോർ മൈതാനങ്ങളിലുമുള്ള എല്ലാവിധ കായിക വിനോദങ്ങളും നിർത്തിവെക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം നിർദേശിച്ചു.
മുനിസിപാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിലും നടക്കുന്ന കല്യാണം, മറ്റ് ചടങ്ങുകൾ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂ. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ട് പരമാവധി 100 പേരെ മാത്രമേ പരിപാടികളിൽ പങ്കെടുപ്പിക്കാവൂ. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്ന അനുമതികളുടെ വിവരം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കേണ്ടതാണ്.
ജില്ലയിൽ നിലവിൽ അനുമതി നൽകിയിട്ടുള്ളവ ഒഴികെയുള്ള ഒരു ഉൽസവങ്ങൾക്കും അടുത്ത രണ്ട് ആഴ്ച അനുമതി നൽകാൻ പാടില്ലാത്തതാണ്. അനുമതി ലഭിച്ച കമിറ്റികളുണ്ടെങ്കിൽ, ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്ന് യോഗം അറിയിച്ചു. ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡം ഉറപ്പു വരുത്തി മാത്രമേ ആൾക്കാരെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ജില്ലയിലെ ബീചുകൾ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
നിയമ ലംഘനങ്ങൾക്കെതിരെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും സെക്ടർ മജിസ്‌ട്രേറ്റുമാരുടെ സഹകരണത്തോടെ കേസെടുക്കാൻ നിർദേശനം നൽകി. സെക്ടർ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി എഡിഎം ന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തിലൊരിക്കൽ സൂം യോഗം വിളിച്ചു ചേർക്കും. കടകൾ, ഹോടെലുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും പൊതു ഗതാഗത വാഹനങ്ങളിലെ തൊഴിലാളികളും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് ടെസ്റ്റിന് വിധേയമാവണം.
കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിക്കാനിടയുള്ളതിനാൽ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർകിലെ സി എഫ് എൽ ടി സി അടിയന്തിരമായി പ്രവർത്തനം ആരംഭിക്കും. നീലേശ്വരം ഭാഗത്താണ് കൂടുതൽ കേസുകൾ വരുന്നത് എന്നതിനാൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ നീലേശ്വരം ക്യാമ്പസ് കൂടി ഈ ആവശ്യത്തിനായി ഏറ്റെടുക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Corona, COVID-19, Mask, Shop, Hotel, District Collector, Marriage, Restrictions, 100 for weddings, shops only until 9 p.m; New restrictions on Kasaragod.
< !- START disable copy paste -->