Controversy | 'നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇൻഡ്യയുടെ പ്രമേയം തന്റെ തിരക്കഥയിൽ നിന്ന് മോഷ്ടിച്ചത്', ആരോപണവുമായി കാസർകോട് സ്വദേശിയായ എഴുത്തുകാരൻ
'നിസാം റാവുത്തറുമൊത്ത് താൻ ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്'
ദുബൈ: (KasargodVartha) ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇൻഡ്യ ചിത്രത്തിന്റെ പ്രമേയം തന്റെ രചനയിൽ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണവുമായി കാസർകോട് സ്വദേശി രംഗത്തെത്തി. തന്റെ തിരക്കഥയായ ‘ആൽകെമിസ്റ്റി’ൽ നിന്ന് മോഷ്ടിച്ചതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സ്വാദിഖ് കാവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
2020 മുതൽ താൻ വളരെയധികം കഠിനാധ്വാനം ചെയ്ത എഴുതിയ തിരക്കഥയിലെ ഭാഗങ്ങളാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ഇൻഡ്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങൾ തുടങ്ങിയവ തന്റെ തിരക്കഥയിൽ നിന്നുള്ളതാണ്. ‘ആൽകെമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ ആദ്യപേരെന്ന് മലയാളി ഫ്രം ഇൻഡ്യയുടെ തിരക്കഥാകൃത്ത് ശാരിസ് മുഹമ്മദ് സമ്മതിക്കുന്നുണ്ടെന്നും സ്വാദിഖ് കാവിൽ കൂട്ടിച്ചേർത്തു.
മരണപ്പെട്ട സംവിധായകൻ നിസാം റാവുത്തറുമൊത്ത് താൻ ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. 2021 ഫെബ്രുവരിയിൽ കഥയുടെ വൺലൈൻ നിസാമിന് കൈമാറി. 2021 മാർച് 28ന് തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റും മെയിലായി അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ മരണശേഷം മാധ്യമപ്രവർത്തകൻ സനീഷ് നമ്പ്യാർ സംവിധാനം ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ ഡിജോ ജോസിന്റെ സിനിമയെക്കുറിച്ച് അറിഞ്ഞതോടെ ഒരേ ആശയത്തിർ വീണ്ടുമൊരു സിനിമ വേണ്ടെന്ന് പറഞ്ഞ് ഞങ്ങളത് തത്കാലത്തേയ്ക്ക് വേണ്ടെന്ന് വെച്ചു.
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മലയാളി ഫ്രം ഇൻഡ്യ റിലീസാകുന്നത്. തന്റെ തിരക്കഥയുടെ പ്രമേയം അറിയാവുന്നവർ ഈ സിനിമയ്ക്ക് അതുമായുള്ള സാമ്യം എന്നെ അറിയിച്ചു. പിന്നീട് സിനിമ കണ്ടപ്പോൾ തനിക്കും അത് ബോധ്യമായി. ഇതൊരു വ്യക്തിയുടെ നഷ്ടമോ പ്രശ്നമോ ആയി ചുരുക്കിക്കാണരുത്. ഒരു തിരക്കഥ പൂർത്തിയാക്കാൻ എത്രമാത്രം സർഗശേഷിയും ഊർജവും ഉപയോഗിക്കേണ്ടി വരുമെന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ. സ്വപ്നങ്ങൾ പോലും മോഷ്ടിക്കപ്പെടാവുന്ന, അല്ലെങ്കിൽ നഷ്ടപ്പെട്ടുപോകുന്ന ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.