Culture | ചോരമണക്കുന്ന അലാമികൾ
● അലാമികൾ ഇന്ന് പഴമനസ്സുകളുടെ ഓർമ്മകളിൽ മാത്രം
● അലാമി വേഷം കെട്ടുന്നവർ വ്രതമെടുക്കാറുണ്ട്.
ചന്ദ്രൻ മുട്ടത്ത്
(KasargodVartha) നാട്ടുകൂട്ടങ്ങളിൽ 'ജസ്സോ ജായ് മാൻ' വിളികളുയർത്തി സുമനസ്സുകളിൽ സ്നേഹം നിറയ്ക്കാൻ തറവാടുകളിലും ഭവനങ്ങളിലും കയറിയിറങ്ങുന്ന അലാമികൾ ഇന്ന് പഴമനസ്സുകളുടെ ഓർമ്മകളിൽ മാത്രം. തിരുവോണം, മുഹറം, റമദാൻ, ക്രിസ്തുമസ് എന്നീ വിശേഷ ദിവസങ്ങളിലാണ് അലാമികൾ ഊരുചുറ്റാനിറങ്ങിയിരുന്നത്. ചരിത്രവും പുരാണ സ്മരണകളുമുണർത്തുന്നതാണ് അലാമികളുടെ കർബല യുദ്ധത്തിന്റെ ഓർമ്മകൾ.
മൈസൂർ പെരിയപട്ടണം, കാഞ്ഞങ്ങാട് അലാമിപള്ളി, ഹൊസ്ദുർഗ് കോട്ട, ചിത്താരി, കോട്ടിക്കുളം, മംഗലാപുരം ബീബി അലാമി റോഡ് എന്നീ സ്ഥലങ്ങളിൽ അലാമികൾക്ക് ആരാധനാ കേന്ദ്രങ്ങളുണ്ട്. വിഗ്രഹാരാധനയും അഗ്നിശുദ്ധിയും ഇസ്ലാം മതത്തിൽ പാടില്ലെന്ന മതപണ്ഡിതന്മാരുടെ അഭിപ്രായത്തെ മാനിച്ച് 1963-ൽ അലാമി അനുഷ്ഠാന ക്രിയകൾ നിർത്തലാക്കി.
മൈസൂർ പെരിയ പട്ടണത്തെ റാസ്ബി മസ്ജിദ് അനുഷ്ഠാന പൂർവ്വം അലാമി നൃത്തം നടത്തിയിരുന്നു. സ്വർണ്ണം, വെള്ളി എന്നിവയിൽ തീർത്ത കൈരൂപങ്ങളാണ് ഇവിടെയുള്ളത്. മുഹറം 10-ന് അലാമികളും, വെളിച്ചപ്പാടുകളും ആടിപ്പാടിയുള്ള പ്രത്യേക നൃത്തമുണ്ട്. ദർശനം കിട്ടി വാളെടുത്ത് തുള്ളുന്ന വെളിച്ചപ്പാടുകൾ സ്വയം ദേഹത്ത് കൊത്തി മുറിവേൽപ്പിക്കും. മുൻമുറക്കാർ ചെയ്ത കൊടും ക്രൂരതയുടെ പ്രായചിത്തമായാണ് ഈ സ്വയം പീഡനം.
അലാമിക്കളി: രൂപവും വേഷവും
ജനങ്ങളിൽ ഭയഭക്തി ജനിപ്പിക്കുന്നതിനായി അലാമികൾ പ്രച്ഛന്ന വേഷം ധരിച്ചാണ് നാട് ചുറ്റാനിറങ്ങുക. വേഷമിട്ട വ്യക്തി ആരാണെന്ന് ആർക്കും എളുപ്പത്തിൽ തിരിച്ചറിയാനാകില്ല. അലാമിനൃത്തം ചെയ്യാനായി വ്രതം നോറ്റ് വേഷമിടുന്നവർ ദേഹം നിറയെ കരിതേച്ച് കറുപ്പിക്കും. ഇതിനു മീതേ അരിമാവുകൊണ്ടുള്ള ചെറിയ പുള്ളികുത്തുന്നു. ചുവന്ന ചെക്കി, ഹനുമാൻകിരീടം എന്നിങ്ങനെയുള്ള വിവിധ പൂക്കൾ കൊണ്ട് തുന്നിയ നീളൻ പായതൊപ്പിയാണ് തലയിൽ ധരിക്കുക.
ഇലകളും പഴങ്ങളും കൊണ്ട് മാലയുണ്ടാക്കി കഴുത്തിലിടും. മീശയും താടിയും വാഴനാരുകൾ കൊണ്ടുള്ളതാണ്. ചെക്കി പൂവ്, ബൊഗയൻവില്ലപ്പൂവ് എന്നിവ തൊപ്പിയിൽ അലങ്കരിക്കും. അലാമിപ്പൂവ‌് എന്ന പേരിലാണ് ഈ പൂവ് നാട്ടിൽ അറിയപ്പെടുന്നത്. പത്താം നമ്പർ മുണ്ടുടുത്ത് അതിനു മീതെ അരമണി കെട്ടും. മണി കെട്ടിയ ചെറിയവടികൾ ഓരോരുത്തരുടെയും കൈയിൽ ഉണ്ടാകും.
കറുത്ത തുണികൊണ്ടുള്ള സഞ്ചി മാറാപ്പു തൂക്കും. ഈണത്തിൽ പാട്ടു പാടി കോലടിച്ച് ഇവർ വീടുകളിൽ നൃത്തം ചെയ്യും. പഴയ കാലത്ത് കർബല യുദ്ധവുമായി ബന്ധപ്പെട്ട പാട്ടുകളായിരുന്നു പാടിയിരുന്നത്. ലൈംഗീക ചുവയുള്ളതും പരിഹാസം നിറഞ്ഞതുമായ പാട്ടുകളാണ് ഇന്ന് ചില അലാമി വേഷമിട്ട് അവതരണം നടത്തി വരുന്നവർ പാടുന്നത്.
തീവ്രദു:ഖവും ഭയവും പ്രതീകവൽക്കരിക്കുന്ന രീതിയിലാണ് അലാമി വേഷങ്ങൾ. മുഹറം ഒന്നിന് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ ഹനഫി മുസ്ലീമായ ഫഖീർ സാഹിബിൽ നിന്നും വെള്ളികൈ രൂപം ദർശിച്ച് ഒരു പണം കാണിക്കയിട്ട് മന്ത്രിച്ച പുതിയ നൂൽ കൈത്തണ്ടയിൽ കെട്ടിയാണ് പഴയ കാലത്ത് അലമിയായി വേഷം കെട്ടിയിരുന്നത്. നാട്ടുപ്രമാണിമാരായ ഏച്ചിക്കാനത്ത് ചിറക്കര തറവാട്ടുകാരുടെ വയലേലകൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഫക്കീർ സാഹിബിന്റെ കുടുംബ പരമ്പരകളാണ് അലാമി നേർച്ചയ്ക്ക് അവകാശികൾ.
ദുരിത ദുഃഖങ്ങളകറ്റാനായി അലാമി വേഷം കെട്ടണമെന്ന് ഭക്തൻ നേർച്ച നേരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും അലാമി വേഷം കെട്ടാറുണ്ട്. അലാമി മുദ്രധരിച്ചാൽ മദ്യമാംസാദികൾ ഒഴിവാക്കി വ്രതമെടുക്കണം. വേഷത്തിൽ വ്യത്യാസമുണ്ടെങ്കിലും വ്രതത്തിൽ അയ്യപ്പഭക്തന്മാരുടേതുമായി സാമ്യമുണ്ട്. മുഹറം ഒന്നാം തീയ്യതി മുതലാണ് അലാമികൾ വീടുകൾ തോറും ഊരുചുറ്റാനിറങ്ങുക. വ്രതമെടുത്തവർ വർഷത്തിൽ 10 ദിവസമെങ്കിലും സഞ്ചാരത്തിനിറങ്ങണം. എട്ടുപത്തുപേരടങ്ങുന്ന ചെറു സംഘങ്ങളായിട്ടാണ് യാത്ര. തറവാട്ടുമുറ്റങ്ങളിൽ കാരക്കോലുകൾ കെട്ടി പ്രത്യേക ചുവടുവെച്ചുള്ള നൃത്തമുണ്ട്.
'ജസ്സോ ജായ്മാൻ..
ജസ്സോ ജായ്മാൻ
ഞാനുമെന്റെ കീരിച്ചിമാണീം ബൈപ്പണിക്ക് പോമ്പം
ബൈക്കില്ലെ പുല്ലെല്ലാം ചെത്തിപ്പറിച്ച് തീകൊടുത്ത് ഡും തക്കടഡും...
തക്കടഡും തക്കടഡും..
ജസ്സോ ജായ് മാൻ..'
ഇന്ന് പലരും അലാമിക്കളിയിൽ
അവതരിപ്പിച്ചുവരുന്ന പാട്ട് പഴയ ചരിത്ര-പുരാവൃത്തപ്രകാരമുള്ളതല്ല.
ആട്ടം കഴിഞ്ഞാൽ വീടുകളിൽ നിന്നും അരിയും പണവും ദക്ഷിണയായി സ്വീകരിക്കും. കിട്ടുന്ന സാധനങ്ങൾ കൂട്ടത്തിലൊരാൾ തോൾ സഞ്ചിയിൽ ശേഖരിക്കും. ഊരുചുറ്റി നടക്കുമ്പോൾ, വഴിയിൽ കാണുന്ന കുട്ടികളെ ഈ കുഞ്ഞിനെ പിടിക്കും. ബും ബും ബും, എന്ന ശബ്ദമുണ്ടാക്കി ഭയപ്പെടുത്താറുണ്ട്. ദക്ഷിണയ്ക്ക് പുറമെ തെങ്ങിൽ കയറി ഇവർ ഇളനീരും പറിച്ചിടാറുണ്ട്. അലിഖിതമായി കിട്ടിയ ഈ അധികാരം കാലക്രമേണ അലാമി വേഷക്കാർ തന്നെ ദുരുപയോഗം ചെയ്തു.
ഇതോടെ ജനങ്ങൾക്ക് അലാമികളോടുണ്ടായിരുന്ന ഭയഭക്തി വിശ്വാസം നഷ്ടപ്പെട്ടു. ഊരുചുറ്റാനിറങ്ങിയ അലാമികൾ മുഹറം പത്തോടെ കാഞ്ഞങ്ങാട് അലാ മിപ്പള്ളിയിൽ തിരിച്ചെത്തും. ഓരോരുത്തരുടെയും കൈകളിൽ ചെമ്പക മരത്തിന്റെ കമ്പുകൾ ഉണ്ടാകും. നേർച്ച അവസാനിക്കുന്ന ഈ ദിവസം പള്ളിയിലെ മഖ്ബറക്കരികിൽ ചെമ്പക കമ്പുകൾ കൂട്ടിയിട്ട് അഗ്നികുണ്ഠമൊരുക്കും. യാ ഹുസൈൻ... യാ അലി... യാ അള്ളാ... എന്ന പ്രാർത്ഥനയോടെ അഗ്നിയിൽ ചാടി ദേഹശുദ്ധി വരുത്തിയാണ് അനുഷ്ഠാന ചടങ്ങുകൾ പര്യവസാനിപ്പിക്കുക.
ചരിത്ര പ്രസിദ്ധമാണ് അലാമികളുടെ കഥ. പ്രവാചകനായ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമ അലി ഇബനു അബൂത്വാലിബ് എന്നിവരുടെ മക്കളാണ് ഹുസൈൻ ഇബനു അലി, ഹസ്സൻ ഇബനു അലി. കർബല യുദ്ധത്തിൽ യസീദിന്റെ സൈന്യം ഹസ്സൻ, ഹുസൈൻ സഹോദരങ്ങളെ നിഷ്ക്കരുണം കൊലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഓർമ്മകൾ നിലനിർത്താനാണ് അലാമി വേഷങ്ങൾ ഇറങ്ങുന്നതെന്നാണ് ഇവർ പറയുന്നത്. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിനടുത്താണ് അലാമിപ്പള്ളിയുള്ളത്. പള്ളിയും അലാമിക്കളിയുമായി ബന്ധപ്പെട്ടതുകൊണ്ടാകാം പള്ളിക്ക് ഈ പേരു വരാൻ കാരണം.
#Alamis #KeralaCulture #TraditionalRituals #DyingTraditions #CulturalHeritage #India #KeralaTourism