Waterlogged | കത്തുന്ന വേനലിനിടെ മഴയെത്തി; ദേശീയപാത പ്രവൃത്തി നടക്കുന്നയിടങ്ങളിൽ സർവീസ് റോഡിലടക്കം വെള്ളക്കെട്ട്; ചെർക്കളയിൽ സ്ഥിതി രൂക്ഷമായി; ജനജീവിതം ദുസ്സഹം
ഗതാഗതം സ്തംഭിക്കുന്നതിന് കാരണമായി, കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടി
കാസർകോട്: (KasaragodVartha) കൊടും ചൂടിന് ആശ്വാസമായി കാസർകോട്ട് വേനൽമഴ. ചൊവ്വാഴ്ച പുലർച്ചെ മുതലാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തത്. ഇടിയും മിന്നലുമുണ്ടായി. കഴിഞ്ഞ ദിവസം ജില്ലയിലെ തെക്കൻ മേഖലകളിലെ സ്ഥലങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. ചൊവ്വാഴ്ച കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്രകലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം മഴയെത്തുടർന്ന് ദേശീയപാത പ്രവൃത്തി നടക്കുന്നയിടങ്ങളിൽ സർവീസ് റോഡിലടക്കം ചളിയും വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ യാത്ര ദുഷ്കരമായിക്കുകയാണ്. റോഡ് ഉയർത്താൻ കൂട്ടിയിട്ട മണ്ണ് പാതകളിലേക്ക് ഒലിച്ചിറങ്ങി ഒഴുകിയാണ് പലയിടത്തും ചെളി നിറഞ്ഞത്. വെള്ളക്കെട്ട് പലയിടത്തും ഗതാഗതം സ്തംഭിക്കുന്നതിന് കാരണമായി. കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. മഴ ചെറുതായൊന്ന് ചാറിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ മഴ ശക്തി പ്രാപിക്കുന്നതോടെ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ചെർക്കള ടൗണിൽ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്നങ്ങൾ ഉയർത്തി നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതർ പണിതുടരുകയായിരുന്നുവെന്നാണ് ആക്ഷേപം. നേരെത്തെ ഉണ്ടായ ഓവുചാൽ ഇല്ലാതാക്കി. പുതിയത് ഉണ്ടാക്കിയിട്ടും ഇല്ല. റീജിയണൽ ഓഫീസറെയും പ്രൊജക്റ്റ് ഡയറക്ടറെയും എംഎൽഎയുടെ നേതൃത്വത്തിൽ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികൾ പാടെ അവഗണിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു.
ചർച്ചയെ തുടർന്ന് പണി നിർത്തിയെങ്കിലും പരിഹാര നടപടികൾ ആയിട്ടില്ല. ചെർക്കള ടൗൺ പൂർണമായും ഒന്നര മീറ്റർ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം. കുഴിച്ചെടുത്ത ഏതാണ്ട് നൂറ് മീറ്റർ പിന്നീട് മണ്ണിട്ട് നീർത്തി ടാറിട്ട് നന്നാക്കിയിരുന്നു. പുതിയ ഓവുചാൽ വെറും അരമീറ്റർ മാത്രമായിരുന്നു സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ സൂചന സമരം നാട്ടുകാർ കൂട്ടായ്മ ഉണ്ടാക്കി രണ്ട് മാസങ്ങൾക്ക് മുമ്പ് നടത്തിയിരുന്നു.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങൾ ഉഴുതുമറിച്ചിട്ടുണ്ട്. പലയിടത്തും വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്ത അവസ്ഥയാണ്. സര്‍വീസ് റോഡുകൾ, കലുങ്ക്, ഓവുചാൽ എന്നിവയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാവാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. മഴ ശക്തമാവുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. ഇത് അപകടങ്ങൾക്ക് വഴിവെച്ചേക്കാം. ഇത്തരമൊരു സാഹചര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.