Plastic | വലിച്ചെറിയുന്ന പ്ലാസ്റ്റിക് മൃഗങ്ങളെ കൊല്ലുന്നുവെന്നതിന്റെ പുതിയ സാക്ഷ്യം; 'ചത്തനിലയിൽ കണ്ടെത്തിയ മുതലയുടെ മരണ കാരണം പ്ലാസ്റ്റിക് മാലിന്യം'
* പ്ലാസ്റ്റികിന് ബദലായ ഉത്പന്നങ്ങൾ ഉപയോഗിക്കുക.
* പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക
സുള്ള്യ: (KasaragodVartha) പ്ലാസ്റ്റിക് മലിനീകരണം ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രശ്നമാണ്. പരിസ്ഥിതിക്കും മനുഷ്യർക്കും മാത്രമല്ല, ജീവജാലങ്ങൾക്കും ഇത് വലിയ ഭീഷണിയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ കർണാടക സുള്ള്യയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. പുളിക്കുക്കിലെ കുമാരധാര പുഴയിൽ കഴിഞ്ഞ ദിവസം ചത്തനിലയിൽ കണ്ടെത്തിയ ഏകദേശം നാല് വയസ് തോന്നിക്കുന്ന മുതലയുടെ മരണ കാരണം പ്ലാസ്റ്റിക് മാലിന്യം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോർടം പരിശോധനയിൽ, മുതലയുടെ വയറ്റിൽ നിന്ന് ഏകദേശം ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ അകത്ത് ചെന്ന് മുതല ചത്തതായി രേഖപ്പെടുത്തിയ ആദ്യത്തെ കേസാണിതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കടബ-പഞ്ച ബന്ധിപ്പിക്കൽ റോഡിൽ പുളിക്കുക്കിലെ പാലത്തിനടിയിൽ ശനിയാഴ്ചയാണ് പെൺ മുതലയെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
വനംവകുപ്പിൻ്റെ യേനേക്കല്ല് നഴ്‌സറി പരിസരത്ത് വെറ്ററിനറി ഡോക്ടർ അജിതിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർടം നടത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ കോഴിമാലിന്യം, ഉപയോഗിച്ച കുട്ടികളുടെ നാപ്കിൻ പാഡുകൾ എന്നിവയും മുതലയിൽ കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യം ദഹിക്കാതെയാണ് മുതല ചത്തതെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോർടം നടപടികൾ പൂർത്തിയാക്കിയ ശേഷം മുതലയുടെ അന്ത്യകർമങ്ങൾ നടത്തി. എസിഎഫ് പ്രവീൺ കുമാർ ഷെട്ടി, ഫോറസ്റ്റ് ഓഫീസർമാരായ ഗിരീഷ്, സുബ്രഹ്മണ്യ, ഡോ. അജിത് തുടങ്ങിയവർ പങ്കെടുത്തു.
പ്ലാസ്റ്റിക് മൃഗങ്ങളെ കൊല്ലുന്നു
പ്ലാസ്റ്റിക് ബാഗുകൾ, കുപ്പികൾ, മറ്റ് മാലിന്യങ്ങൾ എന്നിവ പലപ്പോഴും ജലജീവികൾക്കും മറ്റു മൃഗങ്ങൾക്കും ഭക്ഷണവസ്തുക്കളോട് സാമ്യമുള്ളതായി തോന്നിയേക്കാം. ഇവയെ ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷിക്കുന്ന മൃഗങ്ങൾക്ക് അത് ദഹിക്കാനാകാതെ വയറ്റിൽ കുടുങ്ങുകയും ചാവുകയും ചെയ്യുന്നു. കൂടാതെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വലകൾ, മറ്റ് കുരുക്കുകൾ എന്നിവയിൽ കുരുങ്ങി മൃഗങ്ങൾക്ക് ശ്വാസതടസം, രക്തചംക്രമണം മുടങ്ങൽ, മുറിവുകൾ എന്നിവ ഉണ്ടാകാം. ചില സമയങ്ങളിൽ ഈ കുരുക്കുകൾ മുറുകുകയും മൃഗങ്ങളുടെ അവയവങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
പുഴയിലേക്കും കടലിലേക്കും വലിച്ചെറിയുന്ന ചില പ്ലാസ്റ്റികുകൾ കാലാവസ്ഥയിലെ മാറ്റങ്ങളുടെ സ്വാധീനത്താൽ ചെറു കണികകളായി മാറുന്നു. ഈ മൈക്രോപ്ലാസ്റ്റികുകൾ ഭക്ഷണത്തിലൂടെ മീനുകളുടെയും മറ്റ് ജീവികളുടെയും ശരീരത്തിലെത്തുന്നു. ഇത് രോഗങ്ങൾക്ക് കാരണമാകുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.
നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും?
* ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികുകൾ ഒഴിവാക്കുക
* പ്ലാസ്റ്റികിന് ബദലായ ഉത്പന്നങ്ങൾ ഉപയോഗിക്കുക.
* പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക