Cleanup | കാപ്പിൽ ബീച്ച് വൃത്തിയാക്കാൻ ജലീലിന് കൂട്ടായി കോളജ് വിദ്യാർത്ഥികൾ
കാപ്പിൽ ബീച്ച് വൃത്തിയാക്കൽ പദ്ധതിയിൽ വിദ്യാർത്ഥികൾ സജീവം, പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.
പാലക്കുന്ന്:(KasargodVartha) കാപ്പിൽ ബീച്ച് വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി നേതൃത്വം നൽകിവരുന്ന ഉദുമ പഞ്ചായത്തംഗം പി.കെ. ജലീലിന് ഇത്തവണ പിന്തുണയുമായി കോളേജ് വിദ്യാർത്ഥികൾ രംഗത്തെത്തി. കുണിയ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീച്ച് ക്ലീനിംഗ് ക്യാമ്പിൽ 50-ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
വർഷങ്ങളായി കാപ്പിൽ ബീച്ച് വൃത്തിഹീനമായി കിടന്നിരുന്നു. ഈ സാഹചര്യം മാറ്റാൻ പരിശ്രമിച്ച പി.കെ. ജലീലിന്റെ പ്രവർത്തനം ഇപ്പോൾ പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് പ്രചോദനമായിരിക്കുകയാണ്. കോളേജ് വിദ്യാർത്ഥികളുടെ ഈ സന്നദ്ധ സേവനം ബീച്ച് വൃത്തിയാക്കൽ പ്രവർത്തനത്തിന് പുതിയൊരു മ്മാണ്‌മാണ് കുറിച്ചത്.
ബീച്ച് വൃത്തിയാക്കൽ എന്നത് ഒരാളുടെയോ ഒരു സംഘടനയുടെയോ ഉത്തരവാദിത്തം മാത്രമല്ല. ഇത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണ്. കാപ്പിൽ ബീച്ച് വൃത്തിയാക്കൽ പദ്ധതിയിൽ ജലീലിനൊപ്പം മഴപോലും വകവെക്കാതെ പങ്കെടുത്ത വിദ്യാർത്ഥികൾ ഇതിന് ഒരു മികച്ച ഉദാഹരണമാണ്.
കുണിയ കോളേജ് വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സാമൂഹിക സംഘടനകളിലെയും വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ മൂലം നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും
കുണിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജീന ടി.സി, വളണ്ടിയർ സെക്രട്ടറിമാരായ മുഹമ്മദ് ഷാഹിം യു, കെ. ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിനയകുമാർ, ജില്ലാ ഹരിത കേരള മിഷനെ പ്രതിനിധീകരിച്ച് ബാലചന്ദ്രൻ മാഷ്, സന്ദീപ്, അശോകൻ, കൃഷ്ണൻ, രവി എന്നിവർ പ്രസംഗിച്ചു.