Clash | ദേശീയപാതയോരത്ത് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നിരവധി കുട്ടികൾക്ക് പരുക്ക്; പൊലീസ് പ്രിൻസിപലിന് നോടീസ് നൽകി
കഴിഞ്ഞ മൂന്ന് ദിവസമായി സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യുപി വിപിൻ
വിദ്യാനഗർ: (KasargodVartha) ദേശീയപാതയോരത്ത് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘട്ടനത്തിൽ നിരവധി കുട്ടികൾക്ക് പരുക്കേറ്റു. നായ്‌മാർമൂല ടിഐഎച്എസ് സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യുപി വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു.
കാസർകോട്: ദേശീയപാതയോരത്ത് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോൾ pic.twitter.com/g8Oj3EuwUR
— Kasargod Vartha (@KasargodVartha) July 24, 2024
അധ്യാപക-രക്ഷാകർതൃ യോഗം വിളിച്ച് ചേർത്ത് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് സ്‌കൂൾ അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗം വിളിക്കുന്ന കാര്യത്തിൽ സ്‌കൂൾ അധികൃതർ അലംഭാവം കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. ബുധനാഴ്ച വൈകീട്ട് ക്ലാസ് വിട്ടതോടെ ബിസി റോഡ് ജൻക്ഷനിൽ വടിയും മറ്റുമായി വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
വിദ്യാർഥികളുടെ പൊരിഞ്ഞ അടി കാരണം ഗതാഗതത്തിനും തടസമായി. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് വിദ്യാർഥികൾ ഒഴിഞ്ഞുമാറി പോയത്. സംഭവത്തിൽ പ്രിൻസിപലിന് നോടീസ് നൽകിയിട്ടുണ്ടെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ പറഞ്ഞു. നിസാര കാരണത്തിൻ്റെ പേരിലും റാഗിങിന്റെ പേരിലുമാണ് വിദ്യാർഥികൾ തമ്മിൽ പ്രശ്നം തുടങ്ങിയതെന്നാണ് വിവരം.