Impact | മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയിൽ കർശന നടപടി; 'കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴയടക്കാൻ നോടീസ് നൽകും; 2 ദിവസത്തിനകം വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ നിർദേശം'
* നഗരസഭ ആരോഗ്യവിഭാഗം സൂപർവൈസർ ലതീഷ്, ഹെൽത് ഇൻസ്‌പെക്ടർ ആശ മേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കാസർകോട്: (KasaragodVartha) നഗരത്തിലെ കെട്ടിടത്തിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയിൽ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴയടക്കാൻ നോടീസ് നൽകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഫിഷ് മാർകറ്റ് - ഫോർട് റോഡിൽ സ്ഥിതി ചെയ്യുന്ന സുപ്രീം ടവർ എന്ന കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെയാണ് നടപടി. മാലിന്യങ്ങൾ നീക്കാനും ശുചീകരണത്തിനും വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്നുള്ള കർശന നിർദേശങ്ങൾ നൽകിയതായും അധികൃതർ വ്യക്തമാക്കി.
മുഴുവൻ മുറികളും വാടകയ്ക്ക് നൽകുന്നുണ്ടെങ്കിലും നഗരസഭ - റവന്യു രേഖകളിൽ മുറികലധികവും ഒഴിവ് എന്ന് രേഖയുണ്ടാക്കി നികുതിവെട്ടിക്കുന്നുവെന്ന പരാതിയിൽ റവന്യൂ വിഭാഗത്തോട് റിപോർട് തേടിയിട്ടുണ്ട്. ഇവ ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നാണ് വിവരം. നഗരസഭ ആരോഗ്യവിഭാഗം സൂപർവൈസർ ലതീഷ്, ഹെൽത് ഇൻസ്‌പെക്ടർ ആശ മേരി എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ കെട്ടിടത്തിൽ പരിശോധന നടത്തിയത്.
നേരത്തെ കെട്ടിടത്തിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഫിഷ് മാർകറ്റ് വാർഡ് കൗൺസിലർ ഹസീന നൗശാദ് ആരോപിച്ചിരുന്നു. ശുചിമുറികൾക്കനുസൃതമായ സെപ്റ്റിക് ടാങ്കുകളോ മാലിന്യ സംസ്കരണസംവിധാനമോ ഈ കെട്ടിടത്തിന് ഇല്ലെന്നും സ്ഥിരമായി വലിയ തോതിൽ മലിനവെള്ളം റോഡിലേക്കൊഴുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് കാസർകോട് വാർത്ത റിപോർട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ അധികൃതർ പരിശോധന നടത്തി നടപടി സ്വീകരിച്ചിരിക്കുന്നത്.