Football | സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ: കാസർകോട് ജില്ലാ ടീമിൽ ഇടം നേടി അബ്ദുല്ല നൂഹ് കുന്നിൽ
* അപ്സര പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്
മേൽപറമ്പ്: (KasaragodVartha) തൃക്കരിപ്പൂർ നടക്കാവിൽ ജൂൺ രണ്ടിന് തുടങ്ങുന്ന ആൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാംപ്യൻഷിപിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ ടീമിലേക്ക് ഇടം നേടി മേൽപറമ്പിലെ അബ്ദുല്ല നൂഹ് കുന്നിൽ അഭിമാനമായി. നസീർ കുന്നിൽ - തനൂജ ദമ്പതികളുടെ മകനാണ്.
മേൽപറമ്പ് ഫുട്ബാൾ അകാഡമിയിൽ പരിശീലനം നടത്തിവരുന്ന അബ്ദുല്ല നൂഹ് ചെറിയ പ്രായം മുതൽ തന്നെ കാൽപന്ത് കളിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ കരുത്തിലാണ് ജില്ലാ ടീമിലേക്കും ഇടം നേടിയത്. ടീമിന്റെ ഗോളിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പഠനത്തിലും മികവ് പുലർത്തുന്ന ഈ മിടുക്കൻ അപ്സര പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
മാതാപിതാക്കളും അധ്യാപകരും മറ്റ് ബന്ധുക്കളും നൽകുന്ന പിന്തുണയാണ് അബ്ദുല്ല നൂഹിന് പ്രചോദനമാകുന്നത്. നിഹാൽ, നൗമാൻ, അമൻ നഹ് യാൻ എന്നിവർ സഹോദരങ്ങളാണ്.