Train | ഏപ്രിൽ 25ന് ബെംഗ്ളൂറിൽ നിന്ന് മംഗ്ളൂറിലേക്കും 26ന് തിരിച്ചും പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ; സർവീസ് പാലക്കാട് - കാസർകോട് വഴി
കാസർകോട്: (KasaragodVartha) വേനൽക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ബെംഗ്ളൂറിൽ നിന്ന് മംഗ്ളൂറിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. കേരളത്തിൽ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 26ന് നടക്കുന്നതിനാൽ ഈ പ്രത്യേക ട്രെയിൻ വോട് ചെയ്യാൻ നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ഗുണം ചെയ്യും.
ട്രെയിൻ നമ്പർ 06553 ബെംഗ്ളുറു - മംഗ്ളുറു സെൻട്രൽ സ്പെഷൽ ട്രെയിൻ ഏപ്രിൽ 25ന് (വ്യാഴം) വൈകീട്ട് ആറ് മണിക്ക് എസ്എംവിബി ബെംഗ്ളുറു സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10 മണിക്ക് മംഗ്ളുറു സെൻട്രലിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06554 മംഗ്ളുറു സെൻട്രൽ - ബെംഗ്ളുറു സ്പെഷൽ ഏപ്രിൽ 26ന് (വെള്ളി) ഉച്ചയ്ക്ക് 12 മണിക്ക് മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ മൂന്ന് മണിക്ക് എസ്എംവിബി ബെംഗ്ളൂറിൽ എത്തിച്ചേരും.
ഇരു ട്രെയിനുകൾക്കും കെആർ പുര, ബംഗാരപേട്ട്, സേലം, ഈറോഡ് ജംഗ്ഷൻ, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും. ഒരു എസി 2- ടയർ കോച്, നാല് എസി 3-ടയർ കോചുകൾ, എട്ട്-സ്ലീപർ ക്ലാസ് കോചുകൾ, നാല്- സെകൻഡ് ക്ലാസ് ജെനറൽ കോചുകൾ, രണ്ട്- സെകൻഡ് ക്ലാസ് ലഗേജ് കം ബ്രേക് വാനുകൾ എന്നിങ്ങനെയാണ് കോചുകൾ.