Injured | രാഹുൽ ഗാന്ധിക്കായി ഒരുക്കിയ സ്വീകരണപരിപാടിയുടെ ഡ്യൂടിക്കിടെ കാൽ തെന്നി കുഴിയിൽ വീണു; ലിഗ്‌മെന്റ് പൊട്ടി കാസർകോട്ടെ ഡിവൈഎസ്പിക്ക് പരുക്ക്
നീലേശ്വരം: (KasargodVartha) വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി ഒരുക്കിയ സ്വീകരണപരിപാടിയുടെ വിഐപി ഡ്യൂടിക്കിടെ കാൽ തെന്നി കുഴിയിൽ വീണ് ലിഗ്‌മെന്റ് പൊട്ടി കാസർകോട്ടെ ഡിവൈഎസ്പിക്ക് പരുക്ക്.
കാസർകോട് നീലേശ്വരം സ്വദേശിയും വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമായ എം വി അനിൽകുമാറിനാണ് കാലിന് പരുക്കേറ്റത്. രാഹുൽ ഗാന്ധിക്ക് അകമ്പടി പോകാനായി വാഹനവ്യൂഹത്തിന് നിർദേശം നൽകുന്നതിനിടെയായിരുന്നു സംഭവം.
മറ്റൊരു വണ്ടി പാർക് ചെയ്യാനായി വന്നപ്പോൾ, അതു നീക്കിയിടാൻ ആവശ്യപ്പെടുന്നതിനിടെ കാൽ തെന്നി കുഴിയിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലിഗ്‌മെന്റ് പൊട്ടിയതായി വ്യക്തമായത്. രണ്ടു ദിവസത്തെ ആശുപത്രി ചികിത്സയ്ക്കു ശേഷം നീലേശ്വരത്തെ വീട്ടിലെത്തി. ഡോക്ടർമാർ ഒരു മാസത്തെ പൂർണവിശ്രമം നിർദേശിച്ചിട്ടുണ്ട്.