Siddaramaiah | പ്രജ്വൽ രേവണ്ണയുടെ പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്ക് സിദ്ധാരാമയ്യ വീണ്ടും കത്തയച്ചു
* കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിദ്ധാരാമയ്യ ആരോപിച്ചു
മംഗ്ളുറു: (KasaragodVartha) ഹാസൻ മണ്ഡലം ജെഡിഎസ് എം പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് അയച്ച കത്തിന് പ്രതികരണമോ നടപടിയോ ഇല്ലാത്തതിനെത്തുടർന്നാണിത്. ഈ മാസം ഒന്നിനായിരുന്നു ആദ്യത്തെ കത്തയച്ചത്. പാസ്പോർട്ട് റദ്ദാക്കാൻ വിദേശ കാര്യ മന്ത്രാലയത്തിന് നിർദേശം നൽകണം എന്നായിരുന്നു ആവശ്യപ്പെട്ടത്.
ലൈംഗിക അതിക്രമക്കേസിൽ പ്രതിയായ പ്രജ്വൽ, ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുക കൂടി ചെയ്ത സാഹചര്യത്തിൽ രാജ്യം വിട്ടത് ലജ്ജാകരമാണെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡി 1135500 നമ്പർ ഡിപ്ലോമാറ്റിക്
പാസ്പോർട്ടാണ് ജർമനിയിലേക്ക് കടക്കാൻ എംപി ഉപയോഗിച്ചത്. കേന്ദ്ര സർക്കാറിന്റെ പരിധിയിലും നിയന്ത്രണത്തിലുമുള്ള കാര്യങ്ങൾ ചെയ്ത് കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിദ്ധാരാമയ്യ ആരോപിച്ചു.
പ്രജ്വലിന്റെ പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (SIT) കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ പ്രതികരണമുണ്ടായിട്ടില്ല. പ്രജ്വലിനെതിരെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമായിരുന്നു കത്തയച്ചത്.
അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 27നാണ് പ്രജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നത്. ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ പ്രജ്വലിനെ തിരിച്ചെത്തിച്ച് അറസ്റ്റുചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്റർപോൾ പ്രജ്വലിനെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു