Shah Rukh Khan | ബോളിവുഡ് താരം ശാറൂഖ് ഖാനെ അഹ് മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
* അസുഖ വിവരം അറിയാനുള്ള ആകാംക്ഷയില്‍ ആരാധകര്‍
അഹ് മദാബാദ്: (KasargodVartha) ബോളിവുഡ് താരവും ഐ പി എലില്‍ കൊല്‍കത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളിലൊരാളുമായ ശാറൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അഹ് മദാബാദിലെ കെ ഡി ആശുപത്രിയില്‍ കിങ് ഖാനെ പ്രവേശിപ്പിച്ചത്. ഭാര്യ ഗൗരി ഖാന്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞദിവസം ഒന്നാം ക്വാളിഫയറില്‍ കൊല്‍കതയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് താരം നഗരത്തിലെത്തിയത്. മത്സരശേഷം മൈതാനത്തിലെത്തി താരങ്ങളെ അഭിനന്ദിക്കുമ്പോഴൊന്നും ശാറൂഖിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന് പെട്ടെന്ന് എന്തുപറ്റിയെന്നും അവര്‍ ചോദിക്കുന്നു. യഥാര്‍ഥ അസുഖ വിവരം അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ശാറൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും അസുഖ വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, നിര്‍ജലീകരണം കാരണമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരം ഉടന്‍ ആശുപത്രി വിട്ടേക്കുമെന്നും സൂചനകളുണ്ട്.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്. തങ്ങളുടെ കിങ് ഖാന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പലരും സമൂഹമാധ്യങ്ങളില്‍ കുറിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പിച്ച് കൊല്‍കത ഐ പി എല്‍ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്. ടീം ജയിച്ചതിന് പിന്നാലെ മകള്‍ സുഹാനക്കും മകന്‍ അബ് റാമിനുമൊപ്പമാണ് താരംമൈതാനത്തിലെത്തിയത്. പതിവുപോലെ താരങ്ങളെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചശേഷമാണ് ശാറൂഖ് മടങ്ങിയത്.