Accident | ചെറുകുന്നിലെ വാഹനാപകടം: വൻ ദുരന്തത്തിൽ നടുങ്ങി നാട്; പ്രിയപ്പെട്ടവരുടെ വേർപാടിൽ വിങ്ങിപ്പൊട്ടി ഉറ്റവരും പ്രദേശവാസികളും
ഭീമനടി: (KasargodVartha) ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ദാരുണമായി അഞ്ചുപേര്‍ മരിച്ചത് ഉൾക്കൊള്ളാനാവാതെ നാട്. ഒരു കുടുംബത്തിന് ഏറ്റ ദുരന്തത്തിൽ കരച്ചിലടക്കാൻ പാടുപെടുകയാണ് ബന്ധുക്കളും പ്രദേശവാസികളും. കാര്‍ ഡ്രൈവർ നീലേശ്വരം കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ എന്‍ പദ്മകുമാര്‍ (59), കരിവെള്ളൂര്‍ കൊഴുമ്മല്‍ പുത്തൂരിലെ കാനത്തില്‍ കൃഷ്ണന്‍ (65), കൃഷ്ണന്റെ മകള്‍ അജിത (38), അജിതയുടെ ഭര്‍ത്താവ് ചിറ്റാരിക്കാല്‍ മണ്ഡപം ചൂരിക്കാട്ട് സി സുധാകരന്‍ (52), അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (എട്ട്) എന്നിവരാണ് ദുരന്തത്തിന് ഇരയായത്.
പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15ഓടെയാണ് ഗാസ് സിലിന്‍ഡറുമായി പോകുകയായിരുന്ന ലോറിയും കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചത്. നാലുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒമ്പത് വയസുകാരന്റെ ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ വിടവാങ്ങുകയായിരുന്നു.
സുധാകരന്റെ മകന്‍ സൗരവിനെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎ കോഴ്സിന് ചേര്‍ത്ത് ഹോസ്റ്റലിലാക്കി വരുന്നവഴി സുധാകരനും കുടുംബവും കോഴിക്കോട് കൃപാലയം ഹോസ്റ്റലില്‍ അന്തേവാസികളെ സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് കൃപാലയം അന്തേവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു സുധാകരന്റെ കുടുംബവും പത്മകുമാറും. അവിടെ കഴിയുന്ന ബന്ധുവിനെ എല്ലാ മാസവും സുധാകരന്റെ വാഹനത്തില്‍ പോയാണ് സന്ദര്‍ശിക്കാറുള്ളത്.
സമീപത്തെ ടര്‍ഫില്‍ കളിക്കുന്നവരും പ്രദേശവാസികളും ചേര്‍ന്നാണ് പ്രാരംഭ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കണ്ണപുരം പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ലോറിയുടെ മുന്‍വശത്ത് ഇടിച്ച് ബോണറ്റ് ഉള്‍പെടെ ലോറിക്ക് അടിയിലേക്ക് കയറിയ നിലയിലായിരുന്നു. പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹങ്ങളുടെ പോസ്റ്റ് മോർടം നടപടികൾ നടന്നുവരികയാണ്.