Fire | അർധരാത്രിയിൽ വീട്ടിൽ തീപ്പിടുത്തം; മുറി കത്തിനശിച്ചു; വീട്ടുകാർ രക്ഷപ്പെട്ടു
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
കാസര്‍കോട്: (KasargodVartha) അർധരാത്രിയിൽ വീട്ടിലുണ്ടായ തീപ്പിടുത്തത്തിൽ മുറി കത്തിനശിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ മസ്ജിദ് റോഡിലെ പ്രവാസിയായ എൻ എം മുഹമ്മദലിയുടെ ഓട് പാകിയ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരമണിയോടെയായിരുന്നു സംഭവം.
അടുക്കളയ്ക്ക് സമീപം വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ പടർന്നത്. കട്ടിലും, വസ്ത്രങ്ങളും മേൽക്കൂരയും മറ്റു സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. മുഹമ്മദലിയുടെ മാതാവ് നഫീസ, ഭാര്യ, മക്കൾ തുടങ്ങിയവരാണ് വീട്ടിലുണ്ടായിരുന്നത്.
ഇവർ ഉടന്‍ തന്നെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവാവുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.