Protest | ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്‌കരണത്തിനെതിരെ കാഞ്ഞങ്ങാട്ട് റോഡില്‍ പായ വിരിച്ച് കിടന്ന് പ്രതിഷേധം; സ്‌കൂൾ ഉടമയെ അറസ്റ്റ് ചെയ്തു
* ചുമട്ട് തൊഴിലാളികളായ ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അനുഭാവം പ്രകടിപ്പിച്ചു
കാഞ്ഞങ്ങാട്: (KasaragodVartha) ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കണത്തിനെതിരെ കാഞ്ഞങ്ങാട് വ്യത്യസ്തമായ പ്രതിഷേധ സമരം. ഡ്രൈവിംഗ് സ്ഥാപന ഉടമ റോഡില്‍ പായവിരിച്ച് കിടന്നാണ് പ്രതിഷേധിച്ചത്. തൃക്കരിപ്പൂരിലെ ഡ്രൈവിംഗ് സ്‌കൂൾ ഉടമ ടിവി ഷിബിനാണ് പ്രതിഷേധിച്ചത്. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് പുതിയകോട്ടയിലാണ് വേറിട്ട സമരപരിപാടി നടന്നത്.
ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ നല്‍കി. ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് കൂടിയായ ഷിബിന്‍ നടത്തിയ സമരത്തിന് പുതിയകോട്ടയിലെ ചുമട്ട് തൊഴിലാളികളായ ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അനുഭാവം പ്രകടിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചതോടെ ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മെയ് ഒന്ന് മുതലാണ് ഡ്രൈവിംഗ് പരിഷ്‌കരണത്തിനെതിരെ കേരളത്തിലുടനീളം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയു പ്രവര്‍ത്തകരും സമരത്തിലാണ്. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തെറ്റായ തീരുമാനം തിരുത്തണമെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ടെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കളും ആവശ്യപ്പെട്ടതോടെ കേരളത്തിലൊരിടത്തും ഒരാഴ്ചയോളമായി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല.
പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. എന്നാല്‍ പൊലീസിന്റെ സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവര്‍ക്ക് ടെസ്റ്റ് നടത്താനാണ് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.