Protest | 'ചെർക്കള-ചട്ടഞ്ചാല്‍ ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ അശാസ്ത്രീയം'; വിവിധ ആവശ്യങ്ങളുമായി വെള്ളിയാഴ്ച ബഹുജന സമര സംഗമം
സമരസമിതിക്ക് മാസ്റ്റർ പ്ലാനും, ഡിപിആറും അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു
കാസർകോട്: (Kasargodvartha) ചെർക്കള മുതൽ ചട്ടഞ്ചാല്‍ വരെയുള്ള പ്രദേശവാസികളുടെ ജീവന് ഭീഷണിയായും ഗതാഗത സംവിധാനം ഒരുക്കാതെയും നടത്തുന്ന അശാസ്ത്രീയ ദേശീയപാത നിർമാണത്തിനെതിരെ സംയുക്ത ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ആറ് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചെർക്കള ടൗണിൽ ബഹുജന സമര സംഗമം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചെർക്കള ടൗണിലെ മുഴുവൻ പ്രവർത്തനങ്ങളുടെയും വർക്കിംഗ് ഡ്രോയിംഗ് പരസ്യപ്പെടുത്തുക, സമരസമിതിക്ക് മാസ്റ്റർ പ്ലാനും, ഡിപിആറും അനുവദിക്കുക, നിർദ്ദിഷ്ട ഫ്ലൈ ഓവർ ബ്രിഡ്ജുകൾ ഉയരത്തിൽ സ്ഥാപിക്കുക, ചെർക്കള-കല്ലടുക്ക റോഡ് ഫ്ലൈഓവറിന്റെ തൂണുകൾ 500 മീറ്റർ നീളത്തിൽ സ്ഥാപിക്കുക, ചെർക്കള ടൗണിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡ്രൈനേജ് വലുതാക്കി പുനസ്ഥാപിക്കുക, ചെർക്കള ടൗണിന്റെ ഭൂമി ഉപരിതലം അതേപടി നിലനിർത്തുക, ചെർക്കള മുതൽ ചട്ടഞ്ചാല്‍ വരെ ഇരുവശവും സർവ്വീസ് റോഡ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
പ്രധാന റോഡുകള്‍ സർവ്വീസ് റോഡുമായി ബന്ധപ്പെടുത്തുക, ചെർക്കള മുതൽ ചട്ടഞ്ചാല്‍ വരെ മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ കോണ്ക്രീറ്റ് റിട്ടയിന്‍ വാള്‍ സ്ഥാപിക്കുക, വി.കെ പാറയിലും മറ്റും അപകടാവസ്ഥയിൽ കിടക്കുന്ന വീടുകൾ സർക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുക, കുണ്ടടുക്കയിൽ താറുമാറാക്കിയ പുരയിടങ്ങളും, കൃഷിസ്ഥലങ്ങളും പൂർവ്വ സ്ഥിതിയിലാക്കുക, തെക്കിലിലും, ബേവിഞ്ചയിലും അണ്ടർപാസ്സ് അനുവദിക്കുക, ഇന്ദിരനഗറിലും, ചെർക്കള മാപ്പിള സ്‌കൂളിന് സമീപവും, ചെർക്കള എഫ് എച് സി -യ്ക്ക് മുന്നിലും ഫൂട്ട് ഓവർ ബ്രിഡ്ജ് (എഫ് ഒ ബി) സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉയർത്തിയിട്ടുണ്ട്.
സമരസമിതി ചെയർമാൻ മൂസ ബി ചെർക്കള, വൈസ് ചെയർമാൻ സത്താർ പള്ളിയാൻ, ജനറൽ കൺവീനർ ബൽരാജ് ബേർക്ക, ട്രഷറർ സിദ്ദീഖ് കനിയടുക്കം, ഇസ്മാഈൽ ബാലടുക്ക എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.