Tender Coconut | വേനൽ ചൂടിനൊപ്പം പൊള്ളിച്ച് ഇളനീരും; വില കുതിക്കുന്നു; ദാഹമകറ്റാനും ശരീരത്തിന് കുളിര്‍മയേകാനും ചിലവേറെ
കാസർകോട്: (KasargodVartha) പൊള്ളുന്ന വേനലിൽ ദാഹമകറ്റാനും ശരീരത്തിന് കുളിര്‍മയേകാനും ഇളനീരിന് നൽകേണ്ടി വരുന്നത് വലിയ വില. 30 മുതൽ 35 രൂപ വില ഇടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ പലയിടത്തും 45 രൂപയിലെത്തിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഇളനീരിന് 10 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിരിക്കുന്നത്. എന്നാൽ കൊടും ചൂട് കച്ചവടക്കാർ മുതലെടുക്കുകയാണെന്ന ആക്ഷേപവും ജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
കൂടുതൽ ഇളനീർ വിൽപന നടന്ന റമദാൻ വ്രത സമയത്ത് പോലും മിക്കയിടങ്ങളിലും 35 രൂപയായിരുന്നു ഈടാക്കിയിരുന്നത്. തൊട്ടടുത്ത മംഗ്ളൂറിൽ പലയിടത്തും 30 രൂപയ്ക്കാണ് ഇളനീർ വിൽക്കുന്നത്. അടുത്തടുത്ത രണ്ട് ജില്ലകളിൽ നിരക്കിലെ വലിയ അന്തരം ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം മംഗ്ളുറു ഭാഗങ്ങളിൽ നിന്ന് വരുന്ന ഇളനീരിന് മൊത്ത കച്ചവടക്കാർ വില കൂട്ടിയതാണ് വില വർധനവിന് കാരണമെന്ന് ഇവിടത്തെ കച്ചവടക്കാർ പറയുന്നു. എന്നാൽ നാടൻ കരിക്കിനും ഇതേ വില തന്നെയാണ് ഇടാക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വേനൽക്കാലത്ത് കാർഷിക ഗവേഷണ കേന്ദ്രങ്ങളും, കൃഷി വകുപ്പും, സന്നദ്ധ സംഘടനകളും വഴിയോരത്ത് ഒരുക്കിയിരുന്ന 'ഇളനീർ പന്തൽ' ജില്ലയിൽ ഇത്തവണ കാണാനില്ല. ഇതും കച്ചവടക്കാർക്ക് വില കൂട്ടാൻ വഴിയൊരുക്കിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇളനീരിന് പുറമെ കരിമ്പ് ജൂസ്, മറ്റ് പഴങ്ങളുടെ ജൂസുകൾ, നാരങ്ങ സോഡ, മോര് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. ആളുകൾ ഉന്മേഷദായകമായ പാനീയങ്ങൾ തേടുമ്പോൾ ഐസ്ക്രീം പാർലറുകളിലും മറ്റും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്‌ട്രോലൈറ്റുകൾ തുടങ്ങിയ പോഷകങ്ങളുടെ സാന്നിധ്യം, നിർജലീകരണം തടയൽ, ദോഷകരമായ രാസവസ്തുക്കളുടെ അഭാവം, രക്തചംക്രമണം മെച്ചപ്പെടുത്തൽ, വൃക്കകളുടെ ആരോഗ്യം നിലനിർത്തൽ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് ഇളനീരെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വേനല്‍കത്തിക്കാളുകയും ഇളനീര്‍ കച്ചവടം പൊടിപൊടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇനിയും വില വര്‍ധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.