Grapes | പ്രവാസിയുടെ പച്ചക്കറി പരീക്ഷണം വിജയം: ഒറ്റ വർഷം കൊണ്ട് വീടുൾപ്പെടെയുള്ള 11 സെൻ്റ് സ്ഥലം ഹരിതാഭമാക്കി; മുന്തിരി തൊട്ട് ഈന്തപ്പന വരെ തളിർത്തു നില്‍ക്കുന്ന കാഴ്ച കണ്ണിന് കുളിരേകുന്നത്
നീലേശ്വരം: (KasargodVartha) നീണ്ടകാലത്തെ പ്രവാസജീവിതത്തിനൊടുവിൽ നാട്ടിലെത്തിയാൽ വിശ്രമജീവിതത്തിലേക്കോ ബിസിനസ്സുകളിലേക്കോ ചേക്കേറുകയാണ് പതിവ്. എന്നാൽ ജൈവകൃഷിയിൽ വിപ്ലവം തീർക്കുകയാണ് ഈ നീലേശ്വരം സ്വദേശി.
പതിനാറു വർഷക്കാലത്തെ പ്രവാസത്തിനു ശേഷം, നാട്ടിയെത്തിയ രഞ്ജീഷ് കാരക്കടവത്ത് ആണ് ഓർഗാനിക് കൃഷിയിലൂടെ പുതു തലമുറയ്ക്ക് മാതൃകയായിരിക്കുന്നത്. മുന്തിരിയാണ് പ്രധാന കൃഷി. കൂട്ടത്തില്‍ പച്ചക്കറികളും ഹൈബ്രിഡ് പഴങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ പരിപാലിച്ചു വരുന്നു. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്യുക എന്നത് പ്രവാസം തുടങ്ങിയ കാലം മുതലുള്ള ആഗ്രഹമാണ്. എന്നാൽ മുന്തിരി കൃഷിയിലേക്കുള്ള വരവ്, തികച്ചും യാദൃച്ഛികമായിരുന്നു.
2023 ൽ ആണ്, പുതിയ വീടു വച്ചത്. അതേ വർഷം തന്നെ പടന്നക്കാട് കാർഷിക കോളജിൽ നടന്ന മാമ്പഴ ഫെസ്റ്റിൽ നിന്നാണ് ആദ്യമായി മുന്തിരി വള്ളികൾ വാങ്ങിയത്. ലണ്ടനിലെ നിറഞ്ഞു നിൽക്കുന്ന മുന്തിരിച്ചെടികളുടെ ഓർമകളും, നാട്ടിലും ഇവ നന്നായി വളരുമെന്നുള്ള കേട്ടറിവുമാണ്, പ്രധാന പ്രേരണയായിത്തീർന്നത്.
യാതൊരു തരത്തിലുമുള്ള രാസകീടനാശിനികളും ഉപയോഗിക്കില്ലെന്ന് ഉറപ്പിച്ചിരുന്നതിനാൽ, മീനും ഇറച്ചിയും കഴുകിയ വെള്ളമാണ് പ്രധാന വളം. കൂട്ടത്തിൽ ചാണകവും കോഴിക്കാഷ്ഠവും, ഗോമൂത്രവും ഉപയോഗിക്കുന്നുണ്ട്. കൃഷിയുടെ ആരംഭത്തിൽ, കാര്യമായ ഇല കൊഴിച്ചിൽ ഉണ്ടായിരുന്നപ്പോള്‍ മാനസികമായി തളരുകയും ഇതു മുന്നോട്ടു പോകില്ലെന്നു കരുതുകയും ചെയ്തു.
പിന്നീട് സുഹൃത്ത് അജിത പറഞ്ഞതനുസരിച്ച് ഉണങ്ങിയ ഇലകൾ കത്തിച്ചതിന്റെ ചാരം കൃഷികൾക്ക് വിതറി. ഒരു പരിധിവരെ പ്രാണികളിൽനിന്നുള്ള രക്ഷയ്ക്ക് അത് ഉപകാരപെട്ടു. കാർഷിക കോളേജിലെ തോട്ടം ജീവനക്കാരനായ കടിഞ്ഞിമൂലയിലെ രഞ്ജിയുടെ ഉപദേശവും നാട്ടിലുള്ള കർഷകരുടെ നിർദേശവും വലിയ സഹായകമായിത്തീർന്നു. പച്ചപുതച്ച വീടും പറമ്പും കുളിരേകുന്ന കാഴ്ച തന്നെയാണ്.
ഇപ്പോള്‍, കുഞ്ഞൻ കവുങ്ങ്, പീച്ചി, റംബൂട്ടാൻ, അവകാഡോ, കുരുമുളക് വള്ളി, തൃശ്ശൂരിൽനിന്നും കൊണ്ടുവന്ന രണ്ടു ഈന്തപ്പന തുടങ്ങിയവ വളർന്നു വരുന്നുണ്ട്. ചീര, തക്കാളി, പച്ചമുളക്, നേന്ത്രവാഴ, വെണ്ടക്ക, കോവയ്‌ക്ക, പയർ, മുരിങ്ങ തുടങ്ങിയവ വിളവെടുത്തു തുടങ്ങി. അധികമായി ലഭിക്കുന്ന വിളകൾ അയൽവീടുകളിലേക്കു കൊടുക്കാനും അച്ഛൻ്റെ പലചരക്കു കടയിലേക്ക് എത്തിക്കാനും രഞ്ജീഷിനു കഴിയുന്നുണ്ട്.
നാട്ടിലെത്തിയാൽ ഉടനെ വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യണമെന്ന ആഗ്രഹം നിരന്തരം പങ്കിട്ടിരുന്നത് ഉറ്റ സുഹൃത്ത് ഇർഷാദിനോട് ആയിരുന്നു. ഇന്നിപ്പോള്‍ മുന്തിരികള്‍ കൂടി വിളഞ്ഞതിൻ്റെ സന്തോഷമാണ് പങ്കിടുവാനുള്ളത്.
പിതാവ് ടി വി അമ്പാടിയും മാതാവ് കാരക്കടവത്ത് ലീലാമ്മയും ഭാര്യ അശ്വതി വെങ്ങാട്ടും, മകൻ റയാനും, കൊട്രച്ചാൽ റാൻ വില്ലയില്‍ മുന്തിരിവള്ളികള്‍ തളിർത്തതിൻ്റെ സന്തോഷത്തിലാണ്.