Summer Heat | തകര ഷീറ്റിനടിയിൽ വെന്തുരുകിയ പൊലീസുകാർ ഒടുവിൽ ചൂടിന് പ്രതിവിധി കണ്ടെത്തി; ഇപ്പോൾ എ സിയെ തോൽപിക്കുന്ന തണുപ്പ്!
'തീച്ചൂള' എന്നാണ് ഈ മുറിയെ വിളിച്ചിരുന്നത്
കാഞ്ഞങ്ങാട്: (KasaragodVartha) തകര ഷീറ്റിനടിയിൽ വെന്തുരുകിയ പൊലീസുകാർ ഒടുവിൽ ചൂടിന് പ്രതിവിധി കണ്ടെത്തി. ഇപ്പോൾ എ സിയെ തോൽപിക്കുന്ന തണുപ്പിലാണ് അവർ ജോലി ചെയ്യുന്നത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ചൂടിനെ പ്രതിരോധിക്കാൻ പുതിയ മാർഗം കണ്ടെത്തിയത്. രണ്ട് നിലകളുള്ള ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മുകൾ നിലയിലെ ഒരു ഭാഗത്ത് തകര ഷീറ്റാണ് വിരിച്ചിരിക്കുന്നത്.
ഇതിന് കീഴിൽ 12 ഓളം പൊലീസുകാരാണ് ജോലി ചെയ്യുന്നത്. 'തീച്ചൂള' എന്നാണ് ഈ മുറിയെ വിളിച്ചിരുന്നത്. കൈപൊക്കിയാൽ മുട്ടുന്ന രീതിയിലാണ് ഷീറ്റുള്ളത്. മൂന്ന് ഫാൻ ഉണ്ടെങ്കിലും ചൂട് കാറ്റാണ് ഇവർക്ക് കിട്ടിക്കൊണ്ടിരുന്നത്. വിയർത്തൊലിച്ച് ജോലി ചെയ്യുന്നതിനിടെ കൂട്ടത്തിലെ ഒരു പൊലീസുകാരനാണ് ചൂട് തടയാൻ പുതിയ മാർഗം നിർദേശിച്ചത്. ഷീറ്റിന് മുകളിൽ ചണച്ചാക്കുകൾ വെച്ച് അതിനുമുകളിൽ ഗാർഡൻ ഷേഡ് നെറ്റ് വിരിച്ച്, ടാങ്കിൽ നിന്നും കണക്റ്റ് ചെയ്ത് സ്പ്രിംഗ്ലറിലൂടെ വെള്ളം സ്പ്രേ ചെയ്ത് ഷീറ്റ് തണുപ്പിക്കുകയാണ് ചെയ്യുന്നത്. ദിവസം രണ്ടോ തവണ മാത്രമേ സ്പ്രിംഗ്ലർ വഴി വെള്ളം തളിക്കേണ്ടതുളളൂവെന്നാണ് പൊലീസുകാർ പറയുന്നത്.
നാല് ദിവസം മുമ്പാണ് ഇതിന്റെ പണി പൂർത്തിയായത്. ഇപ്പോൾ എ സിയെക്കാളും തണുപ്പിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് ഹൊസ്ദുർഗ് എസ് ഐ സൈഫുദ്ദീൻ കാസർകോട് വാർത്തയോട് പറഞ്ഞു. സി ഐ എംപി ആസാദിന്റെ എല്ലാ പിന്തുണയും സഹായവും ഈ പ്രവൃത്തിക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റേഷനിലെ തന്നെ കോൺക്രീറ്റ് മുറികളിൽ ഇപ്പോഴും കൊടും ചൂടിലാണ് മറ്റുള്ള പൊലീസുകാർ ജോലി ചെയ്യുന്നത്. എ സി വെക്കാൻ കഴിയാത്തവർക്ക് ചുരുങ്ങിയ ചിലവിൽ ചെയ്യാൻ കഴിയുന്ന ഈ കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫാൻ ഇടാതെ തന്നെ തണുപ്പ് കിട്ടുന്നത് കാരണം മൂന്ന് ഫാനുകൾ ഇപ്പോൾ ഓഫാക്കി വെച്ചിരിക്കുകയാണ്. ഇതിലൂടെ വൈദ്യുതിയും ലഭിക്കാൻ കഴിയുന്നുണ്ട്.