CBI Court | പെരിയ ഇരട്ടകൊലപാതക കേസ്; 29ന് കൊച്ചി സിബിഐ കോടതിയില്‍ പ്രതികളെ ചോദ്യം ചെയ്യും, വിധി ഉടന്‍
*ആദ്യം ലോകല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐക്ക് കൈമാറിയത്
* കേസില്‍ ബോബി ജോസഫ്, കെ പത്മനാഭന്‍ എന്നിവരാണ് പ്രോസിക്യുഷനുവേണ്ടി ഹാജരാകുന്നത്
കാസര്‍കോട്: (KasargodVartha) പെരിയ കല്യോട്ടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഏപ്രില്‍ 29ന് കൊച്ചി സിബിഐ കോടതിയില്‍ പ്രതികളെ ചോദ്യം ചെയ്യും. സാക്ഷി വിസ്താരം പൂര്‍ത്തിയായത്തിനു പിന്നാലെ വിധി പ്രസ്താവിക്കുന്നതിനു മുന്നോടിയായാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്.
2019 ഫെബ്രുവരി 17ന് രാത്രി 7.35നാണു നാടിനെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടന്നത്. കല്യോട്ട്-കുരാങ്കര റോഡില്‍വെച്ച് ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും രാഷ്ട്രീയവിരോധത്താല്‍ മൃഗീയമായി ആക്രമിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ഇരുവരും അവിടേക്ക് പോകുന്നതിനിടെയാണ് ആക്രമണത്തിനിരയാകുന്നതും, മരണം സംഭവിക്കുന്നതും. ഇരുവരുടേയും മരണത്തോടെ രണ്ടു കുടുംബങ്ങളുടെ അത്താണിയാണ് നഷ്ടപ്പെട്ടത്.
ആദ്യം ലോകല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐക്കു കൈമാറിയത്. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍കാര്‍ കോടികള്‍ ചെലവഴിച്ച് സുപ്രീം കോടതിയില്‍ വാദം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവം വലിയ വിവാദമാകുകയും ചെയ്തു.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേര്‍ക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മറ്റു മൂന്നു പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി.
പിന്നീട് സിബിഐ 10 പേരെ കൂടി പ്രതി ചേര്‍ക്കുകയും അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 11 പ്രതികള്‍ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും അഞ്ചു പ്രതികള്‍ എറണാകുളം കാക്കനാട് ജയിലിലുമാണ്. സിബിഐ ആവശ്യം പരിഗണിച്ച് ഹൈകോടതി കസ്റ്റഡി ട്രയലിന് ഉത്തരവിട്ടിരുന്നു.
പി പീതാംബരനാണ് ഒന്നാം പ്രതി. സിപിഎം കാസര്‍കോട് ജില്ലാ സെക്രടേറിയറ്റംഗവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ 20-ാം പ്രതിയും, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠന്‍ 13-ാം പ്രതിയുമാണ്. സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരടക്കം ആകെ 24 പ്രതികളാണുള്ളത്. 327 സാക്ഷികളും കേസിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രധാന സാക്ഷികളുള്‍പെടെ 160 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. കേസില്‍ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പിഎം പ്രദീപ്, തുടര്‍ന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ സിബിഐ ഡി വൈ എസ് പി എസ് അനന്തകൃഷ്ണന്‍ എന്നിവരെയാണ് ഒടുവില്‍ വിസ്തരിച്ചത്.
യുഡിഎഫ് സര്‍കാരിന്റെ കാലത്ത് ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന ടി ആസഫ് അലിയാണ് സിബിഐ അന്വേഷണത്തിനായി കുടുംബത്തോടൊപ്പം നിയമപോരാട്ടം നടത്തിയത്. കേസില്‍ ബോബി ജോസഫ്, കെ പത്മനാഭന്‍ എന്നിവരാണ് പ്രോസിക്യുഷനുവേണ്ടി ഹാജരാകുന്നത്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട കാസര്‍കോട് ഡിസിസി മുന്‍ പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റുമായിരുന്ന സികെ ശ്രീധരനുള്‍പെടെയുള്ള അഭിഭാഷകരാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരാകുന്നത്.