Lakshadweep Travel | സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ലക്ഷദ്വീപിൽ നിന്ന് മംഗ്ളൂറിലേക്കും തിരിച്ചും ഇനി യാത്രാകപ്പൽ; സർവീസ് പുനരാരംഭിച്ചു
മംഗ്ളുറു: (KasargodVartha) സഞ്ചാരികൾക്ക് സന്തോഷ വാർത്ത പകർന്ന് ലക്ഷദ്വീപിൽ നിന്ന് മംഗ്ളൂറിലേക്കും തിരിച്ചും യാത്രാ കപ്പൽ സർവീസ് പുനരാരംഭിച്ചു. നേരത്തെ കോവിഡ് -19 മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചതായിരുന്നു. ഒരു ഇടവേളയ്ക്ക് ലക്ഷദ്വീപിൽ നിന്ന് അതിവേഗ കപ്പലായ 'എംഎസ്‌വി പരളി' 160 യാത്രക്കാരുമായി വ്യാഴാഴ്ച പഴയ മംഗ്ളുറു തുറമുഖത്ത് എത്തിയതോടെയാണ് സർവീസ് പുനരാരംഭിച്ചത്.
ലക്ഷദ്വീപിലെ കടമത്ത് കിൽത്താൻ ദ്വീപുകളെ മംഗ്ളൂറുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസ്. കടമത്ത് കിൽത്താനിൽ നിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട എംഎസ്‌വി പരളി വൈകീട്ട് 4.30 ന് പഴയ മംഗ്ളുറു തുറമുഖത്തെത്തി. ഒരു പൈലറ്റ്, ഒരു ചീഫ് എൻജിനീയർ, ഒരു അസിസ്റ്റൻ്റ് എൻജിനീയർ, മറ്റ് എട്ട് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാർ. ഓരോ യാത്രക്കാരനും 650 രൂപയാണ് ഈടാക്കിയത്. ശനിയാഴ്ച മംഗ്ളൂറിൽ നിന്ന് കിൽത്താനിലേക്ക് ഈ കപ്പൽ തിരിച്ചു സർവീസ് നടത്തും.
കപ്പലിൽ വന്ന യാത്രക്കാരിൽ മംഗ്ളൂറിൽ ചികിത്സയ്ക്കായി എത്തിയ നസീബ് ഖാൻ എന്നയാളുമുണ്ട്. 'നേരത്തെ ഞങ്ങൾക്ക് മംഗ്ളൂറിൽ എത്താൻ രണ്ട് ദിവസം വലിയ കപ്പലിൽ യാത്ര ചെയ്യേണ്ടിവന്നിരുന്നു. അതിവേഗ കപ്പൽ വന്നതോടെ യാത്രാസമയം ഗണ്യമായി കുറഞ്ഞു. മംഗ്ളൂറിലെ ആരോഗ്യ പരിപാലന സേവനങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ കഴിയും', അദ്ദേഹം പറഞ്ഞു.
നിലവിൽ, ലക്ഷദ്വീപിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ പ്രധാനമായും കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്, കപ്പലിലോ വിമാനത്തിലോ ആണ് യാത്ര ചെയ്യാനാവുക. എന്നിരുന്നാലും, ലക്ഷദ്വീപ് ഭൂമിശാസ്ത്രപരമായി കൊച്ചിയേക്കാൾ മംഗ്ളൂറിനോടാണ് അടുത്ത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ദൂരം 391 കിലോമീറ്റർ ആണെങ്കിൽ മംഗ്ളൂറിൽ നിന്നുള്ള ദൂരം അതിനേക്കാൾ കുറവാണ് (356 കിലോമീറ്റർ).നിലവിൽ കപ്പൽ സർവീസ് നടത്തുന്നതിന്റെ മെയ് അഞ്ച് വരെയുള്ള ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ട്. കാസർകോട്ട് നിന്നടക്കമുള്ള വിനോദസഞ്ചാരികൾക്കും ഇതോടെ ലക്ഷ്വദീപിലേക്കുള്ള യാത്ര എളുപ്പമാകും.