Dispute | 'അംഗൻവാടി വിഷയവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ വനിതാ പഞ്ചായത് അംഗം ഭരണസമിതി യോഗത്തിൽ അമിതമായി ഗുളിക കഴിച്ചു, ആശുപത്രിയിൽ'
അംഗം അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്.
മഞ്ചേശ്വരം: (KasargodVartha) അംഗൻവാടി വിഷയവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ വനിതാ പഞ്ചായത് അംഗം ഭരണസമിതി യോഗത്തിൽ അമിതമായി ഗുളിക കഴിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. മഞ്ചേശ്വരം ഗ്രാമപഞ്ചായത് ഏഴാം വാർഡ് മുസ്ലിം ലീഗ് അംഗത്തിന്റെ ഭാഗത്ത് നിന്നാണ് അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായത്.
നിലവിൽ ഈ അംഗത്തിന്റെ വാർഡിൽപെട്ട അമ്പിത്തടിയിൽ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ ഭരണസമിതി മൂന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏഴാം വാർഡിൽ അംഗൻവാടി കെട്ടിടം പണിയാൻ മുസ്ലിം ലീഗ് അംഗവും ആറാം വാർഡിൽ കെട്ടിടം നിർമിക്കാൻ എസ് ഡി പി ഐ അംഗവും സ്ഥലം കണ്ടുവെച്ചിരുന്നു. ആറാം വാർഡ് അംഗത്തിന് മുമ്പേ ഏഴാം വാർഡ് അംഗം സ്ഥലം കാണിച്ചുകൊടുത്തിരുന്നുവെന്നാണ് പറയുന്നത്.
തർക്കം ഉണ്ടായതിനെ തുടർന്ന് പഞ്ചായത് ഭരണസമിതി രണ്ട് സ്ഥലവും യോഗ്യമല്ലെന്ന് കണ്ട് നിർദേശം തള്ളിയിരുന്നു. ഇതിനെതിരെ എസ് ഡി പി ഐയുടെ ബ്ലോക് പഞ്ചായത് അംഗം ഓംബുഡ്‌സ്മാനെ സമീപിക്കുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. നിലവിലുള്ള സ്ഥലം മാറ്റി അംഗൻവാടി കെട്ടിടം എസ് ഡി പി ഐ അംഗത്തിന്റെ വാർഡിലേക്ക് പോകുന്നതിനെ മുസ്ലിം ലീഗും ശക്തമായി എതിർത്തിരുന്നു.
ഇക്കാര്യത്തിൽ പ്രദേശവാസികളുടെയും മറ്റും കടുത്ത സമ്മർദം കാരണം ബുധനാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനം കൈകൊള്ളണമെന്ന് മുസ്ലിം ലീഗ് അംഗം ആവശ്യപ്പെട്ടെങ്കിലും ഓംബുഡ്‌സ്മാന്റെ അടുക്കലുള്ള കേസിന്റെ കാര്യം പറഞ്ഞ് വിഷയം തത്കാലം പരിഗണിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ, ഇവർ കയ്യിൽ ഉണ്ടായിരുന്ന കുറെ ഉറക്ക ഗുളികകൾ ഒരുമിച്ച് കഴിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതേ തുടർന്ന് യോഗത്തിനെത്തിയ മറ്റ് അംഗങ്ങൾ ചേർന്ന് ഇവരെ മംഗൽപാടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മംഗ്ളൂറിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദേർളക്കട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്.