Obituary | കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂരിന് നാടിന്റെ യാത്രാമൊഴി
*കര്‍മ്മയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യലോകം എന്നിവയും രചനകളാണ്
* മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ അനുശോചിച്ചു
കണ്ണൂര്‍: (KasargodVartha) കളിയാട്ടം ഉള്‍പെടെ ഒട്ടേറെ സിനിമകള്‍ക്കായി കഥയും തിരക്കഥയും രചിച്ച ബല്‍റാം മട്ടന്നൂരിന് നാടിന്റെ യാത്രാമൊഴി. ബല്‍റാം മട്ടന്നൂരിന്റെ ശവസംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.
പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം(62) മട്ടന്നൂര്‍ വ്യാഴാഴ്ച പുലര്‍ചെയാണ് മരിച്ചത്. പരേതരായ സി എച് പത്മനാഭന്‍ നമ്പ്യാരുടെയും സിഎം ജാനകിയമ്മയുടെയും മകനാണ് ബല്‍റാം. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉള്‍പെടെ നിരവധി ബഹുമതികള്‍ നേടിയ കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.
മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ, നാട്ടിലൂടെ(ബാലസാഹിത്യകൃതികള്‍), ബാലന്‍(സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം(പലവക), അനന്തം(പരീക്ഷണ കൃതി), കാശി (നോവല്‍) തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാറാത്തുള്ള മിഥിലയില്‍ സുരേഷ് ഗോപിയും, കാശി എന്ന നോവലിന്റെ പ്രകാശനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എയും, അന്യ ലോകം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സിനിമ സംവിധായകനായ ജയരാജും, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
കെഎന്‍ സൗമ്യയാണ് ഭാര്യ. മകള്‍: ഗായത്രി ബല്‍റാം. സഹോദരങ്ങള്‍: ജയറാം, ശൈലജ, ഭാര്‍ഗവറാം, ലതീഷ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംവി ഗോവിന്ദന്‍ എംഎല്‍എ, കെ സുധാകരന്‍ എംപി, എന്‍ ഹരിദാസ്, കെ വി സുമേഷ് എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.