Investigation | ചീമേനിയില്‍ യുവതിയും രണ്ട് മക്കളും മരിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍തപ്പുന്നു; ബന്ധുക്കളുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മൊഴിയെടുക്കും
* 10 വര്‍ഷം മുമ്പാണ് ഇവര്‍ പുതിയ വീടെടുത്ത് ചെമ്പ്രങ്കാനത്ത് താമസം തുടങ്ങിയത്
* ദാരുണമായ മരണം പ്രദേശവാസികളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്
ചീമേനി: (KasargodVartha) ചെമ്പ്രങ്കാനം പഞ്ചാബ് കോളനിക്ക് സമീപം യുവതിയും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ കാരണം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ബന്ധുക്കളുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മൊഴിയെടുത്ത് മരണകാരണം കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. യുവതിയുടെ ഫോണും രണ്ട് ഡയറികളും പൊലീസ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. യുവതിക്ക് എന്തെങ്കിലും മാനസിക പ്രയാസം ഉണ്ടായിരുന്നുവോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
പെരിങ്ങോം വയക്കര പഞ്ചായതിലെ സീനിയര്‍ ക്ലാര്‍കായ കെ സജിന (34), മക്കളായ ഗൗതം (ഒമ്പത്), തേജസ് (ആറ്) എന്നിവരെയാണ് ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോയ്യംങ്കോട് ഇലക്ട്രികൽ സെക്ഷനിലെ സബ് എൻജിനീയര്‍ ഇടുക്കി അടിമാലി സ്വദേശിയായ ടി എ രഞ്ജിതിന്റെ ഭാര്യയാണ് മരിച്ച സജിന.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലാണ് സംഭവം നടന്നത്. മുകള്‍ നിലയിലെ കിടപ്പുമുറിയിലെ കിടക്കയിലാണ് രണ്ട് കുട്ടികളെ അടുത്തടുത്തായി പുതപ്പിച്ച് കിടത്തിയ നിലയില്‍ കണ്ടെത്തിയത്. സജിനയെ മുകള്‍നിലയില്‍ ടെറസില്‍ ഇരുമ്പുഷീറ്റിട്ട കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ കൈഞരമ്പ് മുറിച്ച നിലയിലുമായിരുന്നു. അതുകൊണ്ട് തന്നെ ശരീരത്തിനും താഴെയും രക്തം തളംകെട്ടി നിന്നിരുന്നു. സമീപത്തായി ബ്ലേഡും കണ്ടെത്തിയിരുന്നു.
ഒരു കുട്ടിയുടെ കഴുത്തില്‍ ഷോള്‍ ചുറ്റിക്കിടന്ന നിലയിലാണ് ഉണ്ടായിരുന്നത്. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സജിന തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്. 12 വര്‍ഷം മുമ്പാണ് സജിനയുടെയും രഞ്ജിതിന്റെയും വിവാഹം നടന്നത്. ചീമേനി ഞാണ്ടാടി സ്വദേശിയാണ് സജിന. ഞണ്ടാടി പാടിയിലെ നാരായണന്‍-ജമുന ദമ്പതികളുടെ മകളാണ്. നേരത്തെ ഞണ്ടാടി ഭാഗത്ത് വാടകയ്ക്ക് താമസിച്ച രഞ്ജിത് സജ്‌നയെ പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ പുതിയ വീടെടുത്ത് ചെമ്പ്രങ്കാനത്ത് താമസം തുടങ്ങിയത്.
വലിയ ചുറ്റുമതില്‍ ഉള്ള ഇരുനില വീട്ടില്‍ സമീപവാസികളുടെയും മറ്റും ശ്രദ്ധ ഇവിടേക്ക് പതിയാത്ത സാഹചര്യമായിരുന്നു. ചീമേനി വിവേകാനന്ദ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഗൗതം. തേജസ് ഇതേ സ്‌കൂളില്‍ തന്നെ എല്‍കെജി വിദ്യാർഥിയാണ്. രാവിലെ രഞ്ജിത് ജോലിക്ക് പോയിരുന്നു. സജിന രാവിലെ മക്കളെ മുകള്‍ നിലയിലേക്ക് കൊണ്ടുപോയി പുട്ടും ചായയും വാരിക്കൊടുക്കുന്നത് കണ്ടിരുന്നതായി കൂടെ താമസിക്കുന്ന രഞ്ജിതിന്റെ പിതാവ് ശിവശങ്കരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിന് ശേഷം ശിവശങ്കരന്‍ പറമ്പില്‍ മറ്റ് ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നുണ്ട്. ഉച്ചയ്ക്ക് ചോറുകഴിക്കാന്‍ കുട്ടികളെ വിളിക്കാന്‍ മുകളിലേക്ക് പോയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നിലവിളിച്ച് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. മരണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സജിന മക്കളെയും കൂട്ടി ഞണ്ടാടിയിലെ സ്വന്തം വീട്ടില്‍ താമസിച്ചിരുന്നു. ഈ സമയം രഞ്ജിത്തിന്റെ മാതാവ് ശ്യാമളയും ഇതേ വീട്ടില്‍ ഉണ്ടായിരുന്നു. രഞ്ജിത്തും സജിനയും ജോലിക്ക് പോകുമ്പോള്‍ ശ്യാമളയും ശിവശങ്കരനും ചേര്‍ന്നാണ് കുട്ടികളെ നോക്കിയിരുന്നത്.
പ്രദേശവാസികളുമായി വലിയ അടുപ്പമൊന്നും രഞ്ജിത്തിനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. സജിന സാധാരണ അവധിയാണെങ്കില്‍ വിളിച്ചറിയിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ സംഭവ ദിവസം അവധിയെടുക്കുന്ന കാര്യം അറിയിച്ചില്ലെന്നുമാണ് കൂടെ ജോലി ചെയ്യുന്നവര്‍ വ്യക്തമാക്കുന്നത്. പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജില്‍ സജിനയുടെയും മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബുധനാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
യുവതിയുടെയും മക്കളുടെയും ദാരുണമായ മരണം പ്രദേശവാസികളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. ദമ്പതികള്‍ ഇരുവരും സര്‍കാര്‍ ജോലിയും സാമ്പത്തിക ഭദ്രതയുമുള്ളവരായിട്ടും ഇത്തരമൊരു സംഭവം നടക്കാനിടയായതിന്റെ കാരണമെന്താണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. യുവതിയുടെ ഫോണും ഡയറിയും പരിശോധിച്ചാല്‍ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. യുവതിയുടെ വീട്ടുകാര്‍ ഇതുസംബന്ധിച്ച് പൊലീസിന് എന്തെങ്കിലും പരാതി നല്‍കിയതായി വിവരമില്ല. ഇവര്‍ക്കിടയില്‍ കുടുംബപ്രശ്‌നം നിലനിന്നിരുന്നതായാണ് പ്രധാനമായും സംശയിക്കുന്നത്.