Complaint | 'ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം'; ബലാത്സംഗ ആരോപണങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി
നിവിന് പിന്തുണയുമായി നടി പാർവതി ആർ കൃഷ്ണ രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: (KasargodVartha) തന്റെ നേരെ ഉയർന്ന ബലാത്സംഗ ആരോപണങ്ങളെത്തുടർന്ന്, ഡിജിപിക്ക് വിശദമായ പരാതി നൽകി നടൻ നിവിൻ പോളി. ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും, ഗൂഢാലോചനയുണ്ടെങ്കിൽ അതിനെ പുറത്തുകൊണ്ടുവരണമെന്നും നടൻ ആവശ്യപ്പെട്ടു.
നിവിനും സംഘവും ദുബായിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. യുവതിയുടെ ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ടാണ് നിവിൻ ഡിജിപിയെ സമീപിച്ചത്. കൂടാതെ, കേസിനുള്ള തെളിവുകൾ, പ്രത്യേകിച്ച് തന്റെ പാസ്പോർട്ടിന്റെ രേഖകളും, ഹാജരാക്കാൻ തയാറാണെന്നും നിവിൻ വ്യക്തമാക്കി. പരാതിയുടെ പകർപ്പ് പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറിയിട്ടുണ്ടെണ്ടെന്നും താരം അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, നിവിന് പിന്തുണയുമായി നടി പാർവതി ആർ കൃഷ്ണ രംഗത്തെത്തിയിട്ടുണ്ട്. ബലാത്സംഗം നടന്നുവെന്ന് ആരോപിക്കുന്ന ദിവസത്തിൽ നിവിനൊപ്പം നിൽക്കുന്ന ഫോട്ടോ സഹിതം പാർവതി ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ടു. കൂടാതെ, ഷൂട്ടിംഗ് നടന്ന ദിവസം നിവിനും മറ്റു സഹതാരങ്ങളുമൊപ്പമുണ്ടായിരുന്ന ഒരു വീഡിയോയും താരം പങ്കുവച്ചു.
പീഡനം നടന്നുവെന്ന യുവതിയുടെ ആരോപണം തെറ്റാണെന്നും, അന്നേദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.