Police Booked | തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാരോപിച്ച് മുസ്ലീം ലീഗ് - നാഷനൽ ലീഗ് സംഘർഷം; 8 പേർക്കെതിരെ കേസ്; അക്രമത്തിൽ 6 പേർക്ക് പരുക്ക്
* പൊലീസ് സുരക്ഷ ശക്തമാക്കി
നീലേശ്വരം: (KasargodVartha) യുഡിഎഫ്-എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാരോപിച്ച് നീലേശ്വരം കോട്ടപ്പുറത്ത് മുസ്ലീം ലീഗ് - നാഷനൽ ലീഗ് സംഘർഷം. അക്രമത്തിൽ ആറു പേർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലായി എട്ടു പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാരോപിച്ച് നാഷണൽ യൂത് ലീഗ് പ്രവർത്തകനായ കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ കെ റമീസിനെ (25) ആക്രമിച്ചുവെന്നാണ് ഒരു പരാതി. ഇതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് പ്രവർത്തകരായ ബാസിത്, മജീദ്, മിർസാൻ, അബ്റാസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐഎൻഎൽ പ്രവർത്തകനായ കോട്ടപ്പുറത്തെ പി അംറാസിനെ (26) വീട്ടുവരാന്തയിൽ അതിക്രമിച്ച് കയറി ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ യൂത് ലീഗ് പ്രവർത്തകരായ മജീദ്, ജാബിർ എന്നിവർക്കെതിരെ കേസെടുത്തു.
കോട്ടപ്പുറം ഫാറൂഖ് നഗറിലെ മുസ്ലീം ലീഗ് പ്രവർത്തകനായ എടക്കാവിൽ അബ്ദുൽ മജീദിനെയും (60) മകള്‍ അന്‍സീറ (20) യെയും രാഷ്ട്രീയ വിരോധം വെച്ച് അക്രമിച്ചുവെന്ന പരാതിയിൽ ഐഎൻഎൽ പ്രവർത്തകരായ അബ്ബാസ്, റമീസ് എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വീടിൻ്റെ വരാന്തയിൽ അതിക്രമിച്ച് കയറി അടിച്ചുപരിക്കേൽപ്പിച്ചുവെന്നാണ് പരാതി. സംഘർഷത്തെ തുടർന്ന് കോട്ടപ്പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.