Airbags | എന്തുകൊണ്ട് എയർബാഗ് ആവശ്യമാണ്? റോഡപകടത്തിൻ്റെ ഈ വീഡിയോ കണ്ണ് തുറപ്പിക്കും!
* സീറ്റ് ബെൽറ്റിനൊപ്പം ചേർന്നാണ് എയർബാഗുകൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നത്
ന്യൂഡെൽഹി: (KasaragodVartha) കാർ വാങ്ങുന്നവർ വിലയ്ക്കും മൈലേജിനും കൂടുതൽ പ്രാധാന്യം നൽകിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധേയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ആളുകൾ സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ഈ പ്രവണത കണക്കിലെടുത്ത്, മികച്ച സുരക്ഷാ ഫീച്ചറുകൾ നൽകുന്നതിന് വാഹന നിർമാണ കമ്പനികൾക്കിടയിൽ മത്സരവും നടക്കുന്നുണ്ട്. എന്തുകൊണ്ട് എയർബാഗ് ആവശ്യമാണ് എന്നതിന്റെ പ്രധാന്യം വിളിച്ചോതുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
അപകടം സംഭവിച്ചത് എങ്ങനെ
ഗ്രേറ്റർ നോയിഡയിലെ ദൻകൗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യമുന എക്‌സ്‌പ്രസ് വേയിലാണ് അപകടം സംഭവിച്ചത്. ഹ്യൂണ്ടായ് ക്രെറ്റ കാർ ഇഷ്ടികകൾ നിറച്ച ട്രോളി വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ഉള്ളിലിരുന്ന യാത്രക്കാർ അകത്ത് കുടുങ്ങുകയും ചെയ്തു. കാറിൽ കുടുങ്ങിയ അമ്മയും മകളും ഏറെ നേരം നിലവിളിച്ചു. വളരെ പ്രയാസപ്പെട്ടാണ് അവരെ പുറത്തെടുക്കാനായത്.
यमुना एक्सप्रेसवे पर दनकौर के निकट ट्रक में जा घुसी कार, एयर बैग ने बचाई जान, फंसी मां बेटी को क्षतिग्रस्त कार के अंदर से निकाला। #noidakhabar @noidapolice @vinodsharmanbt pic.twitter.com/4oefgV13SA
— NoidaKhabar.com (@noidakhabar) May 24, 2024
എയർബാഗുകൾ കൃത്യസമയത്ത് വിന്യസിച്ചതിനാൽ അമ്മയുടെയും മകളുടെയും ജീവൻ രക്ഷിക്കാനായെന്ന് ആജ് തക് റിപ്പോർട്ട് ചെയ്തു. ഈ അപകടത്തിൻ്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മെറൂൺ നിറത്തിലുള്ള ക്രെറ്റ കാറിൻ്റെ മുൻഭാഗം എത്രത്തോളം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇതിൽ കാണാം. ഇഷ്ടികകൾ കയറ്റിയ വാഹനം മുന്നോട്ട് പോകുന്നതിനിടെ പിന്നിൽ നിന്ന് ക്രെറ്റ കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രോളി ഡ്രൈവർക്കും പരുക്കേറ്റു. ഒരു കാറിൽ എയർബാഗുകൾ എത്ര പ്രധാനമാണെന്ന് ഈ അപകടം കാണിക്കുന്നുവെന്ന് നെറ്റിസൻസ് അഭിപ്രായപ്പെട്ടു.
എയർബാഗ് എങ്ങനെ പ്രവർത്തിക്കുന്നു?
വാഹനാപകടങ്ങളിൽ ഉണ്ടാകുന്ന ഗുരുതര പരിക്കുകളിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്ന ഒരു ജീവൻ രക്ഷാ സംവിധാനമാണ് എയർബാഗ്. ഇത് നൈലോണിൽ നിർമ്മിച്ച ഒരു വായുസഞ്ചിയാണ്, അപകടസമയത്ത് വളരെ വേഗത്തിൽ വായു നിറയ്ക്കപ്പെട്ട് യാത്രക്കാരെ വാഹനത്തിന്റെ ഭാഗങ്ങളിൽ നിന്ന് ഇടിച്ചു പരുക്കേൽക്കുന്നത് തടയുന്നു. എന്നിരുന്നാലും, എയർബാഗുകൾ ഒറ്റയ്ക്കുള്ള സുരക്ഷാ സംവിധാനമല്ല. സീറ്റ് ബെൽറ്റിനൊപ്പം ചേർന്നാണ് എയർബാഗുകൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നത്.
വാഹനാപകട സമയത്ത് യാത്രക്കാരെ സ്ഥാനത്ത് ഉറപ്പിക്കുന്നതിന് സീറ്റ് ബെൽറ്റ് നിർണായകമാണ്. അങ്ങനെ വരുമ്പോൾ മാത്രമേ എയർബാഗ് ഫലപ്രദമായി പ്രവർത്തിക്കുകയുള്ളൂ. എയർബാഗുകളും സീറ്റ് ബെൽറ്റുകളും ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകളായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ സാധാരണയായി ഡ്യുവൽ എയർബാഗുകൾ നിർബന്ധമാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ വില വർധനയും മറ്റും ചൂണ്ടിക്കാട്ടി ചില കാർ നിർമ്മാതാക്കൾ ഈ നിയമം തൽക്കാലം നടപ്പാക്കരുതെന്ന് സർക്കാരിൽ സമ്മർദം ചെലുത്തി. എന്നിരുന്നാലും, ഹ്യൂണ്ടായ്, കിയ ഇന്ത്യ തുടങ്ങിയ ചില കാർ കമ്പനികൾ ആറ് എയർ ബാഗുകളുമായി വാഹനം പുറത്തിറക്കുന്നുണ്ട്.