Found Dead | അമ്മയുടേയും മകളുടേയും മരണത്തില്‍ നടുങ്ങി പാലോട് നിവാസികള്‍
സിവില്‍ കേസില്‍ പ്രതികൂലവിധി വന്നത് 3 ദിവസം മുന്‍പ്
സംഭവം ഇരുവരേയും മാനസികമായി തളര്‍ത്തിയെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: (KasargodVartha) പാലോട് അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുങ്ങി പാലോട് നിവാസികള്‍. പാലോട് പേരയം ചെല്ലഞ്ചിയില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം സംഭവം അറിഞ്ഞിരുന്നില്ല. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്ന് ദിവസം മുന്‍പ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഇവര്‍ക്ക് പ്രതികൂലമായി കോടതി വിധി വന്നിരുന്നു. ഇത് ഇരുവരെയും മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)