Parking | മൊഗ്രാൽ ടൗണിൽ ബസുകൾ നിർത്തിയിടുന്നത് അടിപ്പാതയ്ക്ക് സമാനമായി; ഫലം മൂന്ന് ഭാഗത്തും ഗതാഗത തടസം; ജനജീവിത്തിന് ദുരിതമാവുന്നു
● സ്കൂൾ സമയമായാൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ കയറ്റാനും, ഇറക്കാനും സമയമെടുക്കുകയും ചെയ്യുന്നു
● നാട്ടുകാർ പൊലീസ് ഇടപെടൽ ആവശ്യപ്പെടുന്നു.
● ദേശീയപാത അധികൃതരോട് ട്രാഫിക് സിഗ്നൽ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്
മൊഗ്രാൽ: (KasargodVartha) ദേശീയപാത നിർമാണ കമ്പനി അധികൃതർ ബസ് നിർത്തുന്നതിനായി നിശ്ചയിച്ച സ്ഥലത്ത് അല്ല മൊഗ്രാൽ ടൗണിൽ ബസുകൾ നിർത്തിയിടുന്നത്. ഇതുമൂലം ടൗണിൽ ഗതാഗതം അടിപ്പാതയടക്കം മൂന്നു ഭാഗത്തും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇവിടത്തെ യാത്ര ദുരിതം ഒഴിവാക്കാൻ പൊലീസ് ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇടുങ്ങിയ സർവീസ് റോഡിൽ ആളുകളെ ഇറക്കാനും, കയറ്റാനും ബസുകൾ ഒതുക്കിയാണ് നിർത്തേണ്ടത്. എന്നാൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പലപ്പോഴും അടിപ്പാതയ്ക്ക് സമാനമായി റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. സ്കൂൾ സമയമായാൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ കയറ്റാനും, ഇറക്കാനും സമയമെടുക്കുകയും ചെയ്യുന്നു. ഇത് വലിയ ഗതാഗത സ്തംഭനത്തിന് കാരണമാവുന്നു.
മൊഗ്രാൽ ടൗണിന് തൊട്ടടുത്താണ് മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഇവിടെ 2,500ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അടിപ്പാത വഴിയാണ് ഏറെയും കുട്ടികൾ സ്കൂളിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഗതാഗത തടസവും അപകടവും ഒഴിവാക്കാൻ സ്ഥിരമായി ട്രാഫിക് പൊലീസിന്റെ സേവനം വേണമെന്ന് നേരത്തെ തന്നെ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പോലീസ് അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടതുമാണ്.
ഒപ്പം ഇവിടെ ട്രാഫിക് സിഗ്നലും സ്ഥാപിക്കണമെന്ന് ദേശീയപാത നിർമ്മാണ കമ്പനി അതികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബസുകൾ അടിപ്പാതയ്ക്ക് സമാനമായി നിർത്താതെ ബോർഡ് സ്ഥാപിച്ചിട്ടുള്ളിടത്ത് നിർത്താൻ തുടങ്ങിയാൽ ഗതാഗത തടസത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. ടൗണിലെ ഗതാഗതക്കുരുക്ക് ഓട്ടോറിക്ഷ തൊഴിലാളികൾക്കും ദുരിതമാവുന്നുണ്ട്.
#mograltraffic #busstopviolation #kerala #trafficcongestion #underpass #school