city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police uniform | പൊലീസ് യൂണിഫോം തയ്‌ക്കാൻ വിളിപ്പുറത്തുണ്ട് കാസർകോട്ടുകാരൻ എം എം ഹംസ

/ സുബൈർ പള്ളിക്കാൽ

കാസർകോട്: (KasaragodVartha)
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം തയ്‌ച്ച് നൽകുന്ന കാസർകോട്ടുകാരൻ എം എം ഹംസയ്ക്ക് തിരക്കോട് തിരക്കാണ്. 32 വർഷമായി ഈ രംഗത്ത് വിശ്വാസ്യത മുഖമുദ്രയാക്കി പ്രവർത്തിക്കുകയാണ് ഹംസ. 80കളുടെ തുടക്കത്തില്‍ ഗൾഫിലേക്ക് ജോലി തേടി പോയതാണ് ഹംസയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ദുബൈയിൽ അമ്മാവൻ യൂസഫ് നടത്തിവന്നിരുന്ന ഹാപി ടെയ്‌ലേഴ്‌സിലാണ് ടൈലറിംഗ് ജോലിക്ക് കയറിയത്. അവിടെ ഹോളിവുഡ് താരങ്ങളടക്കം വസ്ത്രങ്ങൾ തയ്‌ക്കാൻ എത്തിയിരുന്നു.
 
Police uniform | പൊലീസ് യൂണിഫോം തയ്‌ക്കാൻ വിളിപ്പുറത്തുണ്ട് കാസർകോട്ടുകാരൻ എം എം ഹംസ


ഹാപി ടെയ്‌ലേഴ്‌സിൽ പലരുടെയും അഭിവാജ്യ ഘടകമായി അദ്ദേഹം മാറി. ഇവിടെ നിന്നുമാണ് തന്റെ മേഖല ടൈലറിംഗായി ഹംസ തിരഞ്ഞെടുത്തത്. അമ്മാവന്റെ വ്യാപാര ശൈലിയും തൊഴിലിനോട് അദ്ദേഹം കാട്ടിയിരുന്ന ആത്മാര്‍ഥതയും ഹംസയെ ഏറെ സ്വാധീനിച്ചിരുന്നു. ദുബൈയിലെ ജോലിക്ക് ശേഷം 1983ലാണ് നാട്ടിലെത്തി സ്വന്തമായി മേല്‍പറമ്പില്‍ ജീൻഷാക് എന്ന ടൈലറിംഗ് സ്ഥാപനം ആരംഭിച്ചത്. എല്ലാത്തരം വസ്ത്രങ്ങളും തയ്‌പിച്ച് നല്‍കിയിരുന്ന തയ്യല്‍ കടയ്ക്ക് ആകമാനം കാക്കിയുടെ ഒരു സ്വഭാവം കൈവന്നത് കാസർകോട് ടൗൺ എസ്ഐ ആയിരുന്ന ഉദുമ ബാര സ്വദേശി നാരായണൻ യൂണിഫോം തയ്‌ക്കാൻ എത്തിയതോടെയാണ്.

തുണി മുറിക്കുന്നതിലും കൃത്യതയോടെ തയ്ക്കുന്നതിലുമുള്ള മികവ് ഹംസയ്ക്ക് അഭിന്ദനമായി മാറി. പിന്നീട് ഹൊസ്ദുർഗ് സ്റ്റേഷനിലെ നാരായണൻ എന്ന മറ്റൊരു ഉദ്യോഗസ്ഥൻ കൂടി യൂണിഫോം തയ്‌ക്കാൻ ഏൽപിച്ചു. പണ്ടുകാലത്ത് പൊലീസിന്റെ യൂണിഫോം അയഞ്ഞ രീതിയിലുള്ളതായിരുന്നു. ഹംസ തയ്ച്ച് നൽകിയ യൂണിഫോം കൃത്യമായ ഫിറ്റിംഗിലായതോടെ മറ്റ് ഉദ്യോഗസ്ഥരെല്ലാം തന്നെ ഓർഡറുകൾ ഹംസയെ ഏൽപിക്കാൻ തുടങ്ങി. പിന്നീടങ്ങോട്ട് ഹംസയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

എക്സൈസ്, കസ്റ്റംസ്, എംവിഡി, ആർപിഎഫ്, ജയിൽ ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ സേനാ വിഭാഗങ്ങളുടെയും ഓർഡറുകൾ ഹംസയ്ക്ക് ലഭിക്കാൻ തുടങ്ങി. ഇന്ന് 20 ഓളം ജീവനക്കാരാണ് ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്നത്. പഴയകാല ടൈലർമാർ ഇപ്പോൾ വീടുകളിൽ നിന്നാണ് ഓർഡർ അനുസരിച്ച് യൂണിഫോം തയ്ച്ച് നൽകുന്നത്. ഇതിൽ സ്‌തംഭങ്ങളും ചിഹ്നങ്ങളും ഷോൾഡർ പാഡ്, സ്റ്റാർ, റിബൺ തുന്നിച്ചേർക്കുന്നു. പൊലീസിന്റെയും മറ്റ് സേനാ വിഭാഗങ്ങളുടെയും തൊപ്പികളും അതിൽ ചിഹ്നങ്ങളും പതിച്ച് കൃത്യമായ അളവിൽ തയ്യാറാക്കി നൽകുന്നു.

ഹംസ തയ്ക്കുന്ന യൂണിഫോം വളരെ കൃത്യതയുള്ളതും ധരിച്ചാൽ ഒതുങ്ങി നിൽക്കുന്നതും ആണെന്ന് ഇപ്പോൾ കൂത്തുപറമ്പ് എ എസ് പി ആയി ജോലി ചെയ്യുന്ന കെ വി വേണുഗോപാൽ കാസർകോട് വാർത്തയോട് പറഞ്ഞു. പറഞ്ഞ സമയത്ത് യൂണിഫോം തയ്ച്ച് നൽകുമെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഹംസയെ തന്നെയാണ് മിക്കവരും ഏൽപിക്കാറുള്ളത്. ഡിജിപി, ഐജി, ഡിഐജി, എസ് പി, എ എസ് പി, ഡിവൈഎസ്‌പി, സിഐ, എസ് ഐ, എ എസ് ഐ, സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കെല്ലാം യൂണിഫോം തയ്ച്ച് നൽകുന്നത് ഹംസയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ തനിക്ക് ഓർഡർ ലഭിക്കുന്നുണ്ടെന്നും ഹംസ കാസർകോട് വാർത്തയോട് പറഞ്ഞു.

യൂണിഫോമിന്റെ അളവ് അവിടെ പോയി എടുക്കുകയാണ് ചെയ്യുന്നത്. ഓർഡർ കുറവാണെങ്കിൽ അളവ് വാട്സ് ആപ് വഴി ചോദിച്ച് വാങ്ങി തയ്ച്ച് കൊടുക്കാറുണ്ട്. കോഴിക്കോട് വരെയുള്ള ഉദ്യോഗസ്ഥർ കാസർകോട് റെയിൽവേ സ്റ്റേഷനിൽ വന്ന് അളവ് നൽകി അടുത്ത വണ്ടിക്ക് തിരിച്ച് പോയ സംഭവം വരെയുണ്ട്. ഒരാളുടെ അളവെടുത്താൽ പിന്നീട് അവർ വീണ്ടും അളവ് നൽകേണ്ടി വരാറില്ല. സ്‌കൂൾ, കോളജ് യൂണിഫോമുകളും ചൂരിദാർ, പർദ, പാന്റ്, കുപ്പായം തുടങ്ങി എല്ലാവിധ തയ്യൽ ജോലികളും ഹംസ ചെയ്തുകൊടുക്കുന്നുണ്ട്. ഓർഡറുകൾ കൂട്ടമായി എത്തുമ്പോൾ പറഞ്ഞ സമയത്ത് നൽകുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും ഹംസ വ്യക്തമാക്കുന്നു.

എല്ലാ ജോലിയിലും എന്നത് പോലെ വിരലിൽ എണ്ണാവുന്ന കുറവുകൾ തനിക്കും സംഭവിക്കാറുണ്ട്. അതെല്ലാം പരിഹരിച്ച് കൊടുക്കാറുമുണ്ട്. പൊലീസ് യൂണിഫോമിന്റെ കൃത്യമായ സൗന്ദര്യം ഹംസയുടെ തയ്യൽ കരവിരുതിലുണ്ട്. ജോലിക്കാരായ പാറക്കട്ടയിലെ രാമചന്ദ്രൻ, ഉദുമയിലെ ബാലകൃഷണൻ, മേൽപറമ്പിലെ അശോകൻ, ജാസ്മിൻ, പരവനടുക്കത്തെ രാജേശ്വരി തുടങ്ങിയ ജീവനക്കാരുടെ മികവാർന്ന തയ്യൽ ജോലികളാണ് തന്റെ കരുത്തെന്ന് ഹംസ പറയുന്നു. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ വലിയ മുതൽ മുടക്കിൽ വലിയൊരു കട തുറക്കാനാണ് ഹംസയുടെ ഇനിയുള്ള ലക്ഷ്യം. ഭാര്യ സൈനബും മക്കളായ ദുബൈയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഇയാസും, ആഇശത് ബുനാനയും, നുഅമാൻ ഷിബിലിയും കടയിലെത്തി എല്ലാ സഹായവും ചെയ്ത് വരാറുണ്ട്.

രണ്ട് സ്റ്റാറും റിബണും കെപിയുമാണ് എസ്ഐയുടെ യൂണിഫോമിൽ പതിക്കേണ്ടത്. സിഐക്ക് ആണെങ്കിൽ ഇത് മൂന്ന് സ്റ്റാറും റിബണും കെപിയുമാണ്. ഡിവൈഎസ്പിക്ക് മൂന്ന് സ്റ്റാറും കെപിഎസും ഐപിഎസ് ഉദ്യോഗസ്ഥർക്ക് അശോക സ്തംഭവും സ്കോറും ഡിഐജിക്ക് ഒരു സ്തംഭവും രണ്ട് സ്റ്റാറും മോണോഗ്രാം സ്റ്റികറും പതിക്കണം. സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലി വലിയ ലാഭം പ്രതീക്ഷിക്കാതെയാണ് ചെയ്യുന്നത്. 400 രൂപ മുതൽ 2000 രൂപ വരെയാണ് യൂണിഫോം തുണിക്ക് മീറ്ററിന് തുക. ഷോൾഡർ പാഡ് ഉണ്ടാക്കാനുള്ള സ്റ്റൈൻലെസ് സ്റ്റീലിലുള്ള മെറ്റീരിയൽ ഹംസ സ്വന്തമായാണ് നിർമിക്കുന്നത്. 250 രൂപയാണ് ഷോൾഡർ പാഡിന്റെ വില. 25 രൂപയ്ക്ക് ലഭിക്കുന്ന ഷോൾഡർ പാഡ് ഉണ്ടെങ്കിലും അതിന്റേതായ കൃത്യത ഇതിന് ലഭിക്കില്ലെന്നാണ് ഹംസ സാക്ഷ്യപ്പെടുത്തുന്നത്.

സ്റ്റാർ അടക്കമുള്ള മറ്റ് സാധങ്ങളെല്ലാം പൊലീസിന്റെ സ്റ്റോറിൽ നിന്നും മറ്റുമായാണ് ലഭിക്കുന്നത്. ഓരോ സ്റ്റാറിന് 40 രൂപ മുതൽ മുകളിലോട്ടാണ് വില. 450 രൂപയാണ് പൊലീസ് തൊപ്പിയുടെ വില. ബെൽറ്റടക്കമാണ് യൂണിഫോം തയാറാക്കി നൽകുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരായ ഡോ. വൈഭവ് സക്‌സേന, ഹേമലത, ആനന്ദ് വിശ്വനാഥ്, നവജിത് ശർമ, ഡി ശിൽപ, ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി പി ബിജോയ് അടക്കമുള്ളവർ തന്റെ സ്ഥിരം ഉപഭോക്താക്കൾ ആണെന്ന് ഹംസ പറഞ്ഞു. തന്റെ പിതാവ് മീത്തൽ മമ്മുഞ്ഞി (കുട്ടുമ്മൻ) പികറ്റ് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എല്ലാ വിധ സഹായവും ചെയ്തുവന്നിരുന്നു. അതിനാൽ പൊലീസ് ഉദ്യോഗസ്ഥരുടെ സ്നേഹ വായ്പ ചെറുപ്പം മുതൽ തന്നെ ലഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് സേനയ്ക്ക് യൂണിഫോമുകൾ തയ്ച്ച് നൽകുന്നതിലെ മികവിന് എം എം ഹംസയെ കണ്ണൂർ ജില്ലാ റൂറൽ പൊലീസ് പുരസ്‌കാരം നൽകി അനുമോദിച്ചിരുന്നു. കണ്ണൂർ ജില്ലാ റൂറൽ പൊലീസ് മേധാവി ഹേമലതയാണ് പുരസ്കാരം കൈമാറിയത്.

Keywords: News, Kerala, Kerala-News, Police uniform, Malayalam News, MM Hamza sewing police uniforms for years

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia