Obituary | നടപടിക്രമങ്ങൾ പൂർത്തിയാക്കി; റിയാസിന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കുള്ള യാത്രയിൽ; 10 ദിവസത്തെ കാത്തിരിപ്പ് അവസാനിച്ചത് മുന്നൂറോളം കി മീറ്റർ അകലെ
* കീഴൂരിൽ ചൂണ്ടയിടുന്നതിനിടെയാണ് കാണാതായത്
കാസർകോട്: (KasragodVartha) കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിന്റെ (37) മൃതദേഹം തൃശൂർ ഗവ. മെഡികൽ കോളജിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് ബന്ധുക്കൾ അടക്കമുള്ളവർ മൃതദേഹവുമായി നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയോടെ വീട്ടിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് കാണാതായ റിയാസിൻ്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് കടലിലാണ് കണ്ടെത്തിയത്. ഇവിടെ കരക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ളതിനാൽ വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ കൊടുങ്ങല്ലൂരിലെത്തി മൃതദേഹം റിയാസിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കടലിലെ ശക്തമായ ഒഴുക്കാണ് മുന്നൂറോളം കി മീറ്റർ അകലെ റിയാസിനെ കൊണ്ടുപോയതെന്നാണ് അനുമാനിക്കുന്നത്.
ഓഗസ്റ്റ് 31ന് പുലർച്ചെ അഞ്ച് മണിക്കാണ് ചൂണ്ടയിടാനായി റിയാസ് വീട്ടിൽ നിന്നും പോയത്. രാവിലെ ഒമ്പത് മണിയായിട്ടും കാണാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടയിൽ കീഴൂർ ഹാർബറിൽ റിയാസിന്റെ സ്‌കൂടറും ചൂണ്ടയ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക സാധങ്ങൾ അടങ്ങിയ ബാഗും പ്രദേശവാസികൾ കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചിരുന്നു.
തുടർന്ന് മേൽപറമ്പ് പൊലീസും അഗ്നിരക്ഷാ സേനയും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും പ്രദേശത്തെ മീൻപിടുത്ത തൊഴിലാളികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. പിന്നീട് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലധികം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായിരുന്നില്ല.
രണ്ട് ദിവസം നാവികസേനയും തിരച്ചിലിന്റെ ഭാഗമായി. ഇതിനിടയിൽ പയ്യോളിയിൽ നിന്നും മീൻ പിടിക്കാൻ പോയ തൊഴിലാളികൾ പുറംകടലിൽ ഒരു മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടർന്ന് പയ്യോളി മുതൽ ബേപ്പൂർ വരെയും പൊന്നാനി മുതൽ ബേപ്പൂർ വരെയും രണ്ട് ദിവസങ്ങളിലായി മറൈൻ വകുപ്പിന്റെ ബോടിൽ പുറം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഉറ്റവർ ദുഃഖഭാരത്തിൽ കഴിയുന്നതിനിടെയാണ് തൃശൂർ കൊടുങ്ങല്ലൂറിൽ മൃതദേഹം കണ്ടെത്തിയത്.
പരേതനായ മുഹമ്മദ് കുഞ്ഞി - മുംതാസ് ദമ്പതികളുടെ മകനാണ് റിയാസ്. ഭാര്യ: സിയാന നാലാംമൈൽ. മക്കൾ: ഫാത്വിമ റസ്‌വ, മറിയം റാനിയ, ആഇശ റൈസൽ അർവാ. സഹോദരങ്ങൾ: ഹബീബ് റഹ്‌മാൻ, അൻവാസ്.
#missingperson #kerala #searchandrescue #tragedy #death