Missing | ആറാം നാളിലും റിയാസ് കാണാമറയത്ത് തന്നെ; വെള്ളിയാഴ്ചയും നാവികസേനയുടെ തിരച്ചിൽ തുടരും; ഏരിയൽ സെർച്ചും നടത്തും, കോസ്റ്റ് ഗാർഡിന്റെ സംഘമെത്തും
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് കീഴൂർ ഹാർബറിൽ ചൂണ്ടയിടാനെത്തിയ റിയാസിനെ കാണാതായത്
മേൽപറമ്പ്: (KasargodVartha) കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസ് (36) ആറാം ദിവസവും കാണാമറയത്ത് തന്നെ. നാവികസേനയുടെ സ്കൂബ ഡൈവിംഗ് സംഘം വെള്ളിയാഴ്ചയും തിരച്ചിൽ തുടരും. കൂടാതെ ഏരിയൽ സെർച്ച് നടത്താൻ ജില്ലാ കലക്ടറുടെ അഭ്യർത്ഥന മാനിച്ച് കോസ്റ്റ് ഗാർഡിൻ്റെ സംഘവും എത്തും.
വ്യാഴാഴ്ച രാവിലെയാണ് നാവികസേനയും തിരച്ചിലിന്റെ ഭാഗമായത്. കൂടാതെ കണ്ണൂർ ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട് വ്യാഴാഴ്ച രാവിലെ കീഴൂർ അഴിമുഖത്തു നിന്നും തലശേരി ഭാഗത്തേക്കും കാസർകോട് ജില്ലയിൽ നിന്നുള്ള പട്രോൾ ബോട്ട് കീഴൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്കും തിരച്ചിൽ നടത്തി. കണ്ണൂർ ജില്ലയിലെ മറ്റൊരു പട്രോൾ ബോട്ട് എഴിമല ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്കും തിരച്ചിൽ നടത്തുകയുണ്ടായി.
തിരച്ചിലിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരച്ചിലിനിടയിൽ വിവിധയിടങ്ങളിൽ ഉള്ള ബോടുകളിലേക്കും മീൻപിടുത്ത തൊഴിലാളികൾക്കും വയർലെസ് വഴി തിരച്ചിൽ സംബന്ധിച്ച നിർദേശം നൽകിയിരുന്നു. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് ഫിഷറീസ് പട്രോൾ ടീം പരിശോധന നടത്തിയത്.
റവന്യൂ വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ പൊലീസ്, നാട്ടുകാർ എന്നിവരും ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. നേരത്തെ കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനം ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് കീഴൂർ ഹാർബറിൽ ചൂണ്ടയിടാനെത്തിയ റിയാസിനെ കാണാതായത്. പ്രദേശത്ത് നിന്നും റിയാസിന്റെ ബാഗും സ്‌കൂടറും കണ്ടെത്തിയിരുന്നു. ഒരുമാസം മുൻപാണ് യുവാവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഇതിനിടെയാണ് ദുരന്തത്തിന് ഇരയായത്. റിയാസിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെയും പ്രാർഥനയോടെയും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും അധികൃതരും.